Quantcast

കടലിനടിയില്‍ ടൈറ്റന്‍ പൊട്ടിത്തെറിച്ച് മരിച്ച അഞ്ച് പേരില്‍ 19കാരനും; പോകാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി കുടുംബം

സംഘത്തിലുണ്ടായിരുന്ന പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദിന്റെ മകന്‍ സുലൈമാനാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-06-23 14:07:50.0

Published:

23 Jun 2023 2:04 PM GMT

TITAN
X

പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്,മകന്‍ സുലൈമാന്‍

ബോസ്റ്റണ്‍: അറ്റ്ലാന്റിക് സമുദ്രത്തില്‍ 1912ല്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കുപോയ ടൈറ്റന്‍ സമുദ്രപേടകം പൊട്ടിത്തെറിച്ച് മരിച്ചവരില്‍ 19കാരനും. സംഘത്തിലുണ്ടായിരുന്ന പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദിന്റെ മകന്‍ സുലൈമാനാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടായത്.

ടൈറ്റനിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി പേടകം നിര്‍മിച്ച യു.എസ് ആസ്ഥാനമായ ഓഷ്യന്‍ഗേറ്റ് അറിയിച്ചിരുന്നു. ബ്രിട്ടിഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടണ്‍ റഷ്, ഫ്രഞ്ച് സ്‌കൂബാ ഡൈവര്‍ പോള്‍ ഹെന്റി എന്നിവര്‍ക്കാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമായത്.

ഷഹ്സാദ ദാവൂദിനൊപ്പം യാത്ര പോകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മകന്‍ സുലൈമാന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതായി ഷഹ്സാദയുടെ മൂത്ത സഹോദരി അസ്മേ ദാവൂദ് പറഞ്ഞു. സുലൈമാന് 19 വയസ് മാത്രമായിരുന്നു പ്രായം. ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

ഫാദേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായായി പ്രിയപ്പെട്ട പിതാവിന്റെ ആഗ്രഹം നിറവേറ്റാനാണ് സുലൈമാന്‍ ടൈറ്റന്റെ ഭാഗമായത്. യാത്രയ്ക്ക് മുന്‍പ് സുലൈമാന്‍ ഏറെ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുകയുമായിരുന്നു അവന്റെ ലക്ഷ്യമെന്നും അസ്‌മേ ദാവൂദ് പറഞ്ഞു. യാത്ര പുറപ്പെടും മുന്‍പ് സുലൈമാനോട് സംസാരിച്ചിരുന്നു. സുലൈമാന്റെ ആ നിമിഷത്തെ ഭയപ്പാടിനെ കുറിച്ചും ഓര്‍ത്തു. ഷഹ്‌സാദ ദാവൂദിന് കുട്ടിക്കാലം മുതലേ ടൈറ്റാനിക്കിനോട് അതിയായ ഭ്രമമുണ്ടായിരുന്നെന്നും അസ്‌മേ പറഞ്ഞു.

'ഞാന്‍ തകര്‍ന്നിരിക്കുന്നു. ലോകം മുഴുവന്‍ ഇത്രയധികം മാനസിക സംഘര്‍ഷത്തിലൂടെയും ആകാംക്ഷയിലൂടെയും കടന്നുപോകേണ്ടി വന്നതില്‍ എനിക്ക് വളരെ വിഷമമുണ്ട്'- രാജ്യാന്തര മാധ്യമമായ എന്‍ബിസിക്കു നല്‍കിയ അഭിമുഖത്തില്‍ അസ്മേ പറഞ്ഞു. അതേസമയം, പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു.

96 മണിക്കൂറിലേക്ക് ആവശ്യമായ ഓക്‌സിജനുമായി ഞായര്‍ പുലര്‍ച്ചെയാണ് അഞ്ചംഗ സംഘം ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് പോയത്. 1.45 മണിക്കൂറില്‍ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു യാത്രയുടെ പ്രധാന ആകര്‍ഷണം. ഏകദേശം രണ്ടര ലക്ഷം ഡോളര്‍ (രണ്ട് കോടി ഇന്ത്യന്‍ രൂപ) ആയിരുന്നു ഈ യാത്രയുടെ നിരക്ക്.

TAGS :

Next Story