'സമാധാനവും സഹകരണവും ഉറപ്പാക്കണം': നരേന്ദ്ര മോദിക്ക് ശഹ്ബാസ് ശരീഫിന്‍റെ കത്ത്
ശഹ്ബാസ് ശരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു
ഇസ്‍ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്‍റെ കത്ത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ സഹകരണവും സമാധാനവും ഉറപ്പ് വരുത്തണമെന്ന് പാക് പ്രധാനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ പ്രധാനമന്ത്രി മോദി ക്രിയാത്മകമായ ഇടപെടല്‍ ആവശ്യപ്പെട്ട് ശഹ്ബാസ് ശരീഫിന് കത്തയച്ചിരുന്നു. പിന്നാലെയാണ് ശഹ്ബാസ് ശരീഫിന്‍റെ മറുപടി. ശരീഫിന്‍റെ പ്രതികരണം പോസിറ്റീവ് സൂചനയായാണ് അധികൃതര്‍ വിലയിരുത്തുന്നത്. 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇരു രാജ്യങ്ങള്‍ക്കും തലസ്ഥാനത്ത് നിലവില്‍ മുഴുവൻ സമയ ഹൈക്കമ്മീഷണർമാരില്ല.
ശഹ്ബാസ് ശരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഭീകരതയില്ലാത്ത, സമാധാനവും സ്ഥിരതയുമുള്ള മേഖലയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുവഴി നമുക്ക് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാനും കഴിയുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ പാകിസ്താൻ ഇന്ത്യയുമായി സമാധാനപരവും സഹകരണത്തിലൂന്നിയുമുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ശഹ്ബാസ് ശരീഫ് വ്യക്തമാക്കി.
"ജമ്മു കശ്മീർ ഉൾപ്പെടെയുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്താന്‍റെ ത്യാഗങ്ങൾ പ്രസിദ്ധമാണ്. നമുക്ക് സമാധാനം ഉറപ്പാക്കുകയും നമ്മുടെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം"- എന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ മറുപടി.
Adjust Story Font
16