കാൽനടയായി ഹജ്ജിന്: മലയാളിക്ക് വിസ അനുവദിക്കണമെന്ന ഹരജി പാക് കോടതി തള്ളി
മലപ്പുറം സ്വദേശിയായ ശിഹാബാണ് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടത്
ലാഹോര്‍: കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശിയായ ശിഹാബ് ചോറ്റൂരിന്‍റെ വിസയ്ക്കുള്ള അപേക്ഷ പാകിസ്താന്‍ കോടതി തള്ളി. മക്കയിലേക്ക് കാല്‍നടയായി പോകാന്‍ പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് എന്ന 29കാരന്‍ വിസയ്ക്ക് അപേക്ഷിച്ചത്.
കേരളത്തില്‍ നിന്നും യാത്ര തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ശിഹാബിനായി പാക് പൗരനായ സര്‍വാര്‍ താജ് ആണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളി. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്.
ഗുരുനാനാക്കിന്റെ ജന്‍മദിനത്തോടനുബന്ധിച്ചും മറ്റും ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ വിസ നല്‍കുന്നതുപോലെ ശിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോര്‍ സ്വദേശിയായ താജിന്റെ വാദം. ഇതിനകം ശിഹാബ് 3000 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ചെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പാകിസ്താനില്‍ പ്രവേശിക്കാൻ അനുവദിക്കണമെന്നും വാദിച്ചു.
ജൂണ്‍ രണ്ടിനാണ് മലപ്പുറം പുത്തനത്താണി സ്വദേശിയായ ശിഹാബ് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ടത്. മലപ്പുറത്തു നിന്ന് മക്കയിലേക്ക് 8,000 കിലോമീറ്ററിലധികം ദൂരമുണ്ട്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ സൗദി അറേബ്യയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം. നിലവില്‍ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.
Summary- Pakistan court on Wednesday dismissed a petition that urged the federal government to issue a visa to a 29 year old Indian national, who wanted to enter the country so that he could complete a marathon journey on foot to Mecca in Saudi Arabia for Hajj pilgrimage.
Adjust Story Font
16