‘ആണവ പദ്ധതിക്കുള്ള യന്ത്രമല്ല’; ഇന്ത്യൻ ഏജൻസികൾ കപ്പൽ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി പാകിസ്താൻ
‘വാണിജ്യ വസ്തുക്കൾ ഇന്ത്യ പിടിച്ചെടുത്ത നടപടിയെ പാകിസ്താൻ അപലപിക്കുന്നു’
ഇസ്‍ലാബാദ്: ചൈനയിൽനിന്ന് കറാച്ചിയിലേക്ക് വരവേ മുംബൈയിൽ ഇന്ത്യൻ ഏജൻസികൾ തടഞ്ഞ കപ്പലിൽനിന്ന് പിടിച്ചെടുത്തത് വാണിജ്യപരമായ ചരക്കുകളായിരുന്നുവെന്നും ആണവ പദ്ധതികൾക്കുള്ള യന്ത്രങ്ങളല്ലെന്നും പാകിസ്താൻ. വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണെന്നും പാകിസ്തൻ വിദേശകാര്യ ഓഫീസ് അറിയിച്ചു.
വാണിജ്യ ലാത്ത് മെഷീൻ കൊണ്ടുവന്ന നിസ്സാരമായ കേസാണിത്. പാകിസ്താനിലെ ഓട്ടോമൊബൈൽ വ്യവസായത്തിന് ആവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കറാച്ചി ആസ്ഥാനമായുള്ള വാണിജ്യ സ്ഥാപനമാണ് ഇത് കൊണ്ടുവന്നത്. യന്ത്രങ്ങൾ പൂർണമായും വാണിജ്യപരമായ ഉപയോഗത്തിനുള്ളതാണ്. പ്രസക്തമായ എല്ലാ രേഖകളും സഹിതം സുതാര്യമായ ബാങ്കിങ് ചാനലുകളിലൂടെയാണ് ഇടപാട് നടത്തിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വാണിജ്യ വസ്തുക്കൾ ഇന്ത്യ പിടിച്ചെടുത്ത നടപടിയെ പാകിസ്താൻ അപലപിക്കുന്നു. സ്വതന്ത്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന നടപടിയാണിത്. ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ആണവായുധത്തിന് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളെന്ന് സംശയിക്കുന്ന ചരക്കുമായി ചൈനയിൽനിന്ന് പാകിസ്താനിലേക്ക് വന്ന കപ്പൽ മുംബൈ ജെ.എൻ.പി.ടി തുറമുഖത്തുവെച്ചാണ് ഇന്ത്യൻ കസ്റ്റംസ് അധികൃതർ തടഞ്ഞത്. ജനുവരി 23നാണ് സംഭവം.
യന്ത്രഭാഗങ്ങൾ പരിശോധിച്ച ഡി.ആർ.ഡി.ഒ സംഘം പാകിസ്താന്റെ ആണവ പദ്ധതികളിൽ ഉപയോഗിക്കാൻ എത്തിച്ചതാണ് ഇവയെന്ന് അറിയിച്ചിരുന്നു. ചൈനയിലെ ഷെഖോ തുറമുഖത്തുനിന്ന് ചരക്ക് കയറ്റിയ മാൾട്ടയുടെ പതാകയുള്ള കപ്പലാണ് പിടിയിലായത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യാത്ര ഭാഗങ്ങൾ കണ്ടെത്തിയത്.
പാകിസ്താന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് ഇവ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) സംഘം ചരക്കുകൾ പരിശോധിച്ചു. കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ ഇതിൽനിന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
സിവിലിയൻ, സൈനിക ഉപയോഗങ്ങൾക്കുള്ള വസ്തുക്കളുടെ വ്യാപനം രാജ്യാന്തരമായി നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ. ഇന്ത്യ അടക്കം 42 രാജ്യങ്ങൾ 1996ലെ വസനാർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഉത്തര കൊറിയയുടെ ആണവ പദ്ധതികളിൽ സി.എൻ.സി മെഷീനുകൾ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.
കൂടുതൽ അന്വേഷണത്തിൽ ഷിപ്പിംഗ് വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്തി. ചരക്ക് അയച്ചവരുടെയും സ്വീകരിക്കുന്നവരുടെയും യഥാർഥ വിവരമല്ല നൽകിയിട്ടുള്ളത്. ഷാങ്ഹായി ജെ.എക്സ്.ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് കമ്പനി ലിമിറ്റഡിന്റെ പേരിലാണ് ചരക്ക് അയച്ചിട്ടുള്ളത്. സിയാൽകോട്ടിലെ പാകിസ്താൻ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്വീകർത്താക്കൾ.
എന്നാൽ 22,180 കിലോഗ്രാം ചരക്ക് യഥാർത്ഥത്തിൽ അയച്ചത് തയ്‍വാൻ മൈനിങ് ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് കോ ലിമിറ്റഡാണെന്ന് സുരക്ഷാ ഏജൻസികൾ വിശദ അന്വേഷണത്തിൽ കണ്ടെത്തി. പാക്കിസ്താനിലെ കോസ്‌മോസ് എഞ്ചിനീയറിങ്ങിനാണ് ചരക്ക് അയച്ചിട്ടുള്ളത്. പാകിസ്താന്റെ പ്രതിരോധ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നൽകുന്ന ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനുമായി ചരക്കിന് ബന്ധമുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വിശദീകരണവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നത്.
Adjust Story Font
16