'ഞങ്ങളുടെ പക്കൽ ആറ്റം ബോംബുണ്ടെന്ന് മറക്കരുത്'; ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് മന്ത്രി
ബിലാവൽ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം
ഇസ്‍ലാമാബാദ്: ഇന്ത്യക്കെതിരെ ആണാവക്രമണം നടത്തുമെന്ന ഭീഷണിയുമായി പാകിസ്താൻ മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശനത്തിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ ഭീഷണിയുമായി ഷാസിയ മാരി എത്തിയത്.
ബിലാവൽ ഭൂട്ടോയെ പിന്തുണച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് പാകിസ്താന്റെ പക്കൽ ആറ്റം ബോംബുണ്ടെന്ന് ഇന്ത്യ മറക്കരുതെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് കൂടിയായ ഷാംസിയ പറഞ്ഞത്.
'ആണവ നിലയം വെറുതെയുണ്ടാക്കിയതല്ല'. ആവശ്യം വന്നാൽ അത് പ്രയോഗിക്കാൻ മടിക്കില്ലെന്നും ഷാസിയ മാരി മാധ്യമപ്രവർത്തകരോട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാക്കിസ്താനെന്നും അടിച്ചാൽ തിരിച്ചടിക്കാൻ അറിയാമെന്നും അവർ പറഞ്ഞു.
ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്താനെന്നും ഇവയൊക്കെ അവസാനിപ്പിച്ച് അയൽക്കാരോട് നല്ല രീതിയിൽ പെരുമാറേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ അസ്വസ്ഥതയുണ്ടാക്കാനാണ് പാകിസ്താൻ കാലങ്ങളായി ശ്രമിക്കുന്നത്. ഭീകരവാദം ദേശീയ നയമാക്കിയ രാജ്യം പാക്കിസ്ഥാൻ മാത്രമാണെന്നും ജയശങ്കർ വിമർശിച്ചിരുന്നു. ഇതിന് മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും എത്തിയിരുന്നു.
'ഒസാമ ബിൻ ലാദൻ മരിച്ചുവെന്ന് ഇന്ത്യയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ മറുപടി. മോദി ആർഎസ്എസിന്റെ പ്രധാനമന്ത്രിയും ആർഎസ്എസിന്റെ വിദേശകാര്യമന്ത്രിയുമാണ്. എന്താണ് ആർഎസ്എസ്? ഹിറ്റ്‌ലറുടെ 'എസ്എസിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ആർഎസ്എസ് എന്നായിരുന്നു അവരുടെ മറ്റൊരു പരാമർശം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഇന്ത്യയിൽ ഉയർന്നത്. ഇതിനിടയിലാണ് ഭൂട്ടോയെ പിന്തുണച്ച് ഇന്ത്യക്ക് ഭീഷണിയുമായി മറ്റൊരു മന്ത്രിയായ ഷാസിയ എത്തിയത്.
Adjust Story Font
16