സഹോദരീ-സഹോദര ലൈംഗികബന്ധത്തെക്കുറിച്ച് ചോദ്യം: പാക് യൂണിവേഴ്‌സിറ്റി വിവാദത്തിൽ, പ്രതിഷേധം പുകയുന്നു
ഇസ്ലാമാബാദിലെ കോംസാറ്റ്‌സ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷയിൽ വിവാദ ചോദ്യം ചോദിച്ചത്
ഇസ്ലാമാബാദ്: സഹോദരീ-സഹോദര ലൈംഗികബന്ധത്തെക്കുറിച്ചുള്ള ചോദ്യം പരീക്ഷയിലുൾപ്പെടുത്തി വിവാദത്തിലായി പാക് യൂണിവേഴ്‌സിറ്റി. ഇസ്ലാമാബാദിലെ കോംസാറ്റ്‌സ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷയിൽ വിവാദ ചോദ്യം ചോദിച്ചത്. യൂണിവേഴ്‌സിറ്റിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം പുകയുകയാണ്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദ പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലാണ് ചോദ്യമുൾപ്പെടുത്തിയത്. സഹോദരിയും സഹോദരനും തമ്മിലുള്ള ലൈംഗികബന്ധത്തെ കുറിച്ച് 300 വാക്കിൽ കവിയാതെ പ്രബന്ധം എഴുതാനായിരുന്നു ചോദ്യം. സഹോദരങ്ങളായ ജൂലിയും മാർക്കും ഫ്രാൻസിൽ അവധിയാഘോഷിക്കാൻ പോവുകയും ഇരുവരും ലൈംഗികബന്ധത്തിലേർപ്പെടാൻ തീരുമാനിക്കുകയും ചെയ്യുന്നതാണ് ചോദ്യത്തിലെ സന്ദർഭം.ഇതിൽ വിദ്യാർഥികളുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാനാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടത്. ഇതോടെ സംഭവം വൻ വിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു.
പാകിസ്താന്റെ നിയമത്തിനും നയങ്ങൾക്കും വിരുദ്ധമായ പ്രവൃത്തി ആണുണ്ടായതെന്നും കുട്ടികളുടെ രക്ഷിതാക്കളിൽ ചോദ്യം അസ്വസ്ഥതയുണ്ടാക്കിയെന്നും പാകിസ്താൻ ശാസ്ത്ര-സാങ്കേതിക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവം വിവാദമായതോടെ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകനുമായി കരാർ അവസാനിപ്പിച്ചുവെന്നറിയിച്ച് യൂണിവേഴ്‌സിറ്റി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെ യൂണിവേഴ്‌സിറ്റി ബ്ലാക്ക് ലിസ്റ്റിലും ഉൾപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Adjust Story Font
16