'ജോലിസമയം കഴിഞ്ഞു, വിമാനം പറത്താനാകില്ല'; യാത്രക്കാരെ പെരുവഴിയിലാക്കി പൈലറ്റ്
കാലാവസ്ഥാ തടസങ്ങളെല്ലാം ഒഴിഞ്ഞ് വിമാനം ഇസ്ലാമാബാദിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് പൈലറ്റ് തന്റെ ജോലിസമയം തീർന്ന കാര്യം ചൂണ്ടിക്കാട്ടിയത്
ജോലിസമയം കഴിഞ്ഞും പണിയെടുക്കാൻ പൊതുവെ ആരും ഇഷ്ടപ്പെടില്ല. എന്നാൽ, ചെയ്തുകൊണ്ടിരിക്കുന്ന പണി പാതിവഴിയിൽ നിർത്തിപ്പോകുന്നവരെ കണ്ടിട്ടുണ്ടോ? അതുമൊരു വിമാന പൈലറ്റ്!
ജോലിസമയം കഴിഞ്ഞതിനാൽ വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലാക്കിയിരിക്കുകയാണ് ഒരു പാക് പൈലറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദിൽനിന്ന് ഇസ്‍ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ്(പിഐഎ) വിമാനത്തിലാണ് സംഭവം. റിയാദിൽനിന്നു പുറപ്പെട്ട വിമാനം കാലാവസ്ഥ മോശമായതിനെ തുടർന്ന് സൗദിയിലെ ദമാമിൽ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു.
ഏറെനേരം കാത്തിരുന്ന ശേഷം കാലാവസ്ഥാ തടസങ്ങളെല്ലാം ഒഴിഞ്ഞതോടെ വിമാനം ഇസ്ലാമാബാദിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് പൈലറ്റ് തന്റെ ജോലിസമയം തീർന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്‍ലാമാബാദിലേക്ക് വിമാനം പറത്താനാകില്ലെന്ന് പൈലറ്റ് വ്യക്തമാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങാതെ ബഹളംവച്ചെങ്കിലും പൈലറ്റ് വഴങ്ങിയില്ല. സംഘർഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷാജീവനക്കാർ വന്നാണ് യാത്രക്കാരെ നിയന്ത്രിച്ചത്. അടുത്തുതന്നെയുള്ള ഹോട്ടലിൽ യാത്രക്കാർക്കായി താൽക്കാലിക താമസസൗകര്യമൊരുക്കുകയും ചെയ്തു.
സംഭവത്തോട് പിഐഎ പ്രതികരിച്ചിട്ടുണ്ട്. പൈലറ്റുമാർക്ക് കൃത്യമായ വിശ്രമം നൽകേണ്ടത് അത്യാവശ്യമാണെന്ന് പിഐഎ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിമാനസുരക്ഷയ്ക്ക് അത്യാവശ്യമാണ്. അതിനാലാണ് യാത്രക്കാർക്കായി മറ്റു സജ്ജീകരണങ്ങൾ ഒരുക്കിയതെന്നും പിഐഎ അറിയിച്ചു.
Summary: A Pakistan International Airlines (PIA) pilot refused to fly any further after making an emergency landing, saying that his shift had ended. According to The Flight PK-9754 took off from Riyadh and was supposed to fly till Islamabad
Adjust Story Font
16