Quantcast

ഇന്ത്യൻ പരിപാടികൾ സംപ്രേഷണം ചെയ്തു; പാകിസ്താനിൽ ആറ് കേബിൾ നെറ്റ്‌വർക്കുകൾക്ക് പൂട്ട്

ടെലിവിഷനിൽ നിരോധിതമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്ന് എല്ലാ കേബിൾ ടി.വി ഓപ്പറേറ്റർമാർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    19 Jan 2023 4:02 PM GMT

ഇന്ത്യൻ പരിപാടികൾ സംപ്രേഷണം ചെയ്തു; പാകിസ്താനിൽ ആറ് കേബിൾ നെറ്റ്‌വർക്കുകൾക്ക് പൂട്ട്
X

അലഹബാദ്: ഇന്ത്യൻ പരിപാടികൾ ടി.വി ചാനലുകളിൽ സംപ്രേഷണം ചെയ്തു എന്നാരോപിച്ച് പാകിസ്താനിൽ ആറ് കേബിൾ നെറ്റ്‌വർക്കുകൾക്ക് പൂട്ട്. ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി അധികൃതരുടേതാണ് നടപടി. ബുധനാഴ്ച രണ്ടും കഴിഞ്ഞയാഴ്ച നാലും കേബിൾ ഓപ്പറേറ്റർമാരുടെ ഓഫീസുകൾക്കാണ് പൂട്ടുവീണത്.

പഞ്ചാബ് പ്രവിശ്യയിലെ രണ്ട് കേബിൾ നെറ്റ്‌വർക്കുകളുടെ ഓഫീസുകളാണ് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) ബുധനാഴ്ച സീൽ ചെയ്തത്. ഇവിടങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടപടി.

റെയ്ഡിനിടെ അനധികൃത ഉപകരണങ്ങൾ റെഗുലേറ്ററി അതോറിറ്റി പിടിച്ചെടുക്കുകയും നിയമലംഘകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. മനഃപ്പൂർവം ഉത്തരവ് ലംഘിച്ച കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കാൻ അതോറിറ്റിയോട് പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ടെലിവിഷനിൽ നിരോധിതമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കം സംപ്രേഷണം ചെയ്യരുതെന്ന് എല്ലാ കേബിൾ ടി.വി ഓപ്പറേറ്റർമാർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൾട്ടാനിലെ തങ്ങളുടെ റീജിയണൽ ഓഫീസിലെ ഉദോഗസ്ഥർ മുസഫർഗഡിലും പരിസരങ്ങളിലും മിന്നൽ പരിശോധനകൾ നടത്തുകയും രണ്ട് കേബിൾ ഓപ്പറേറ്റർമാരുടെ ഓഫീസുകൾ സീൽ ചെയ്യുകയും ചെയ്തതായി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

പി.ഇ.എം.ആർ.എ നിർദേശങ്ങളും ഇന്ത്യൻ ചാനലുകളിലെ ഉള്ളടക്കം നിയമവിരുദ്ധമായി സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ സുപ്രിംകോടതിയുടെ ഉത്തരവ് ലംഘിച്ചതിനാണ് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തിയത്.

"കേബിൾ ടിവി നെറ്റ്‌വർക്കുകൾക്ക് പി.ഇ.എം.ആർ.എ ലൈസൻസുള്ള ടി.വി ചാനലുകൾ മാത്രമേ സംപ്രേഷണം ചെയ്യാവൂ. അതോറിറ്റിയുടെ ഉത്തരവുകൾ ലംഘിക്കുന്ന ഏതൊരു ഓപ്പറേറ്ററേയും നിയമാനുസൃതമായി കർശനമായി കൈകാര്യം ചെയ്യും"- പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിയമവിരുദ്ധമായി ഇന്ത്യൻ ചാനലുകളും ഇന്ത്യൻ ഉള്ളടക്കവും സംപ്രേഷണം ചെയ്യുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കാൻ പി.ഇ.എം.ആർ.എ പ്രത്യേക പരിശോധന ആരംഭിച്ചത്. കേബിൾ ഓപ്പറേറ്റർമാർ സുപ്രിംകോടതി ഉത്തരവ് ബോധപൂർവം ലംഘിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റാനായി ഓപ്പറേറ്റർമാർ ഇന്ത്യൻ ടി.വി സീരിയലുകളും സിനിമകളും സംപ്രേക്ഷണം ചെയ്യുന്നു. അത് അനുവദിക്കാനാവില്ല- പി.ഇ.എം.ആർ.എ കൂട്ടിച്ചേർത്തു. 2016ൽ, പ്രാദേശിക ടെലിവിഷനിലും എഫ്.എം റേഡിയോ ചാനലുകളിലും ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിന് പി.ഇ.എം.ആർ.എ പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ 2017ൽ, ഇന്ത്യൻ ഉള്ളടക്കം രാജ്യത്ത് സംപ്രേക്ഷണം ചെയ്യുന്നതിൽ പാകിസ്താൻ സർക്കാരിന് എതിർപ്പില്ലാത്തതിനാൽ ലാഹോർ ഹൈക്കോടതി നിരോധനം നീക്കി. എന്നാൽ ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി ടെലിവിഷനിലോ റേഡിയോയിലോ ഏതെങ്കിലും ഇന്ത്യൻ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള വിലക്ക് 2018ൽ പുനഃസ്ഥാപിച്ചു.

പാകിസ്താൻ കലാകാരന്മാർക്കും ഉള്ളടക്കത്തിനുമെതിരെ ഇന്ത്യയിലെ വിനോദ വ്യവസായവും ഏതാനും ചാനലുകളും സമാനമായ നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് അധികാരികൾ തിരിച്ചടി നീക്കത്തിനുള്ള തീരുമാനമെടുത്തത്.

TAGS :

Next Story