പാകിസ്താനിൽ തട്ടിയെടുത്ത ട്രെയിനിലുണ്ടായിരുന്ന 155 പേരെ മോചിപ്പിച്ചു; ഏറ്റുമുട്ടലിൽ 30 സുരക്ഷാ ഉദ്യോഗസ്ഥരും 13 ബിഎൽഎ അംഗങ്ങളും കൊല്ലപ്പെട്ടു
182 യാത്രക്കാരെയാണ് ബലൂച് ലിബറേഷൻ ആർമി ഇന്നലെ ബന്ദികളാക്കിയത്

ഇസ്ലാമാബാദ്: പാകിസ്താനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ തട്ടിയെടുത്ത് ബന്ദികളാക്കിയവരിൽ 155പേരെ മോചിപ്പിച്ചെന്ന് സൈന്യം. 30 സുരക്ഷാ ഉദ്യോഗസ്ഥരെ ബിഎൽഎ വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ 13 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് സൂചന.182 യാത്രക്കാരെയാണ് ബലൂച് ലിബറേഷൻ ആർമി ഇന്നലെ ബന്ദികളാക്കിയത്.
പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ആണ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 182 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. ബിഎൽഎ പ്രവർത്തകർ റെയിൽവേ ട്രാക്കുകൾ തകർക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പാകിസ്താൻ സൈന്യം ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷൻ നടത്തിയാൽ ബന്ദികളെ കൊല്ലുമെന്ന് ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് പ്രസ്താവനയിൽ പറഞ്ഞു.
"ഏത് സൈനിക കടന്നുകയറ്റത്തിനും തുല്യമായ ശക്തമായ മറുപടി നൽകും. ഇതുവരെ ആറ് സൈനികർ കൊല്ലപ്പെട്ടു. നൂറുകണക്കിന് യാത്രക്കാർ ഇപ്പോഴും ബിഎൽഎയുടെ കസ്റ്റഡിയിലാണ്. ഈ പ്രവർത്തനത്തിന്റെ പൂർണ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുന്നു," സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ ബിഎൽഎ വക്താവ് പറഞ്ഞു.
Adjust Story Font
16