ഒരു മത്സ്യത്തിന് 70 ലക്ഷം രൂപ; പാക് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് കോടികളുടെ ഭാഗ്യം
അന്നം തരുന്ന കടല്‍ തന്നെയാണ് ഇവരെ കടാക്ഷിച്ചത്
സോവ മത്സ്യം
കറാച്ചി:ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്‍മാരായി മാറിയിരിക്കുകയാണ് പാകിസ്താനിലെ ഒരുകൂട്ടം മത്സ്യത്തൊഴിലാളികള്‍. അന്നം തരുന്ന കടല്‍ തന്നെയാണ് ഇവരെ കടാക്ഷിച്ചത്. കോടികള്‍ വിലയുള്ള മത്സ്യശേഖരമാണ് ഇവരുടെ വലയില്‍ കുടുങ്ങിയത്.
പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിലെ മത്സ്യത്തൊഴിലാളിയായ ഹാജി ബലോച്ചിനും സംഘത്തിന്‍റെയും ജീവിതം ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞത്. ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലെ താമസക്കാരനായ ബലോച്ചും തൊഴിലാളികളും അറബിക്കടലിൽ നിന്നും സ്വർണ മത്സ്യം എന്നറിയപ്പെടുന്ന ‘സോവ’യെ പിടികൂടിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. കറാച്ചി തുറമുഖത്ത് വെള്ളിയാഴ്ച ഏഴ് കോടി പാക് രൂപയ്ക്ക് മുഴുവൻ മത്സ്യവും വിറ്റതായി പാകിസ്താന്‍ ഫിഷർമെൻ ഫോക്ക് ഫോറം മുബാറക് ഖാൻ ഏജൻസിയോട് പറഞ്ഞു. വളരെ അമൂല്യവും അപൂര്‍വവുമായ മത്സ്യമാണ് സോവ. ഇതിന്‍റെ വയറ്റില്‍ നിന്നുള്ള പദാര്‍ഥങ്ങള്‍ക്ക് ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു മത്സ്യത്തിന് ലേലത്തില്‍ 70 ലക്ഷം രൂപ വരെ ലഭിച്ചുവെന്ന് ബലൂച് പറഞ്ഞു.
20-40 കിലോഗ്രാം ഭാരമുള്ള ഇവ 1.5 മീറ്റര്‍ വരെ വളരും. പരമ്പരാഗ മരുന്നുകളില്‍ സോവ മത്സ്യം ഒഴിവാക്കാനാവാത്തതാണ്. അതുപോലെ ഇവ ഭക്ഷ്യയോഗ്യമാണ്. "ഞങ്ങൾ കറാച്ചിയിലെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു . ഈ വലിയ സ്വർണ്ണ മത്സ്യ ശേഖരം ഞങ്ങൾ കണ്ടപ്പോൾ അതിനെ വലയിലാക്കി" ബലൂച് പറഞ്ഞു. പണം മറ്റ് ഏഴുപേരുമായി പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-ൽ ഗ്വാദറിലെ ജിവാനി പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളിക്ക് 48 കിലോഗ്രാം വരുന്ന സോവ മത്സ്യം ലഭിച്ചിരുന്നു. 86.4 ലക്ഷം പാക് രൂപക്കാണ് മത്സ്യം വിറ്റത്.
Adjust Story Font
16