എട്ട് മാസമായി ശമ്പളമില്ല; പാകിസ്താന്റെ ഡച്ച് ഹോക്കി പരിശീലകൻ നാട്ടിലേക്ക് മടങ്ങി
നെതർലൻഡുകാരനായ ഹെഡ് കോച്ച് സീഗ്‌ഫ്രെഡ് എയ്ക്മാൻ ആണ് നാട്ടിലേക്ക് തിരിച്ചു പോയത്
ഇസ്ലാമാബാദ്; എട്ട് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ പാകിസ്താൻ ഹോക്കി ടീമിലെ ഡച്ച് പരിശീലകൻ നാട്ടിലേക്ക് മടങ്ങി. നെതർലൻഡുകാരനായ ഹെഡ് കോച്ച് സീഗ്‌ഫ്രെഡ് എയ്ക്മാൻ ആണ് നാട്ടിലേക്ക് തിരിച്ചു പോയത്.
പാകിസ്താൻ സ്‌പോർട്ട്‌സ് ബോർഡിന് കീഴിലുള്ള ഹോക്കി ഫെഡറേഷനിൽ നിന്ന് ശമ്പളത്തിനായി ഒരുപാട് നാൾ കാത്തെങ്കിലും ലഭിക്കാതായതോടെയാണ് എയ്ക്മാന്റെ മടക്കം. എന്നാൽ ശമ്പളം മാത്രമല്ല പ്രശ്‌നമെന്നും ദേശീയ ക്യാമ്പുമായി ബന്ധപ്പെട്ട് പാക് സ്വദേശികളായ മറ്റ് കോച്ചുകളിൽ നിന്നുണ്ടായ അനാവശ്യ ഇടപെടലുകളാണ് എയ്ക്‌ന്റെ മടക്കത്തിന് പിന്നിലെന്നുമാണ് പിഎച്ച്പിയുടെ വാദം. അന്താരാഷ്ട്ര മത്സരങ്ങളൊന്നും സമീപകാലത്തില്ലാത്തതിനാലാണ് എയ്ക്മാന്റെ യാത്രയെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ രണ്ടു വർഷമായ കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ സ്‌പോർട്ട്‌സ് ബോർഡ് കടന്നു പോകുന്നത്. നിലവിലെ സാഹചര്യത്തിൽ തുടരുന്നതിന് താരങ്ങൾക്കും അതൃപ്തിയുണ്ട്. ഏതായാലും ഈ മാസാവസാനത്തോടെ എയ്ക്മാന്റെ ശമ്പള കുടിശ്ശിക തീർക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ഒഴിഞ്ഞ വയറും മനസ്സിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ചിന്തയുമായി ടീമിന് എങ്ങനെ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനാവുമെന്നായിരുന്നു മടക്കത്തിന് മുമ്പ് എയ്ക്മാൻ ചോദിച്ചതായാണ് റിപ്പോർട്ടുകൾ.
Adjust Story Font
16