പുതിയ പാക് പ്രധാനമന്ത്രിയെ ഇന്നറിയാം; ദേശീയ അസംബ്ലി യോഗം ഇന്ന്
പാകിസ്താൻ മുസ്‍ലിം ലീഗ് അധ്യക്ഷൻ ശഹബാസ് ശരീഫാണ് സംയുക്ത പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി
പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷൻ ഇന്ന് രണ്ട് മണിക്ക് ചേരും. പാകിസ്താൻ മുസ്‍ലിം ലീഗ് അധ്യക്ഷൻ ശഹബാസ് ശരീഫാണ് സംയുക്ത പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി.
അവിശ്വാസ പ്രമേയത്തിലൂടെ ഇംറാന്‍ ഖാൻ പുറത്തായതോടെയാണ് പാകിസ്താന്‍റെ ഇരുപത്തി മൂന്നാം പ്രധാനമന്ത്രിയായി പാകിസ്താൻ മുസ്‍ലിം ലീഗ് നേതാവ് ശഹബാസ് ശരിഫിനെ പ്രതിപക്ഷം നാമനിർദേശം ചെയ്തത്. പാകിസ്താന്‍ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്‍റെ പ്രസിഡന്‍റാണ് ഷെഹബാസ് ശരീഫ്. ഇതുവരെ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവായിരുന്നു. ഇംറാൻ ഖാനെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും ശഹബാസാണ്. പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ വിദേശകാര്യ മന്ത്രി ആയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ബൂട്ടോയുടെ മകനാണ് ബിലാവൽ. പാകിസ്ഥാൻ തഹ്രീകെ ഇൻസാഫ് സ്ഥാനാർഥിയായി മെഹമൂദ് ഖുറേഷിയും പത്രിക നൽകിയിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി പാക് ദേശീയ അസംബ്ലി ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ചേരും. 342 അംഗങ്ങളുള്ള അസംബ്ലിയിൽ ഷഹബാസിന് 172 പേരുടെ പിന്തുണ ഉറപ്പാണെന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ വാദം. അതേസമയം ഇംറാന്‍ ഖാൻ തലസ്ഥാനമായ ഇസ്‍ലാമാബാദ് വിട്ടു മറ്റൊരിടത്തേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16