ചരിത്രം തിരുത്താനാവാതെ ഒടുവിൽ ഇമ്രാനും പടിയിറങ്ങുന്നു; അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രി
അഴിമതി മൂലം പൊറുതിമുട്ടിയ ഒരു ജനതയുടെ വലിയ പ്രതീക്ഷയായിരുന്നു ഇമ്രാൻഖാൻ. ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാനിലെത്തിച്ച ഇമ്രാൻ തങ്ങളുടെ രക്ഷകനാകുമെന്ന് പാക് ജനത സ്വപ്‌നം കണ്ടിരുന്നു. എന്നാൽ സൈന്യത്തിന്റെ അപ്രീതിക്കൊപ്പം ജനപ്രീതിയിലുണ്ടായ ഇടിവും ഇമ്രാൻഖാന് തിരിച്ചടിയായി.
ഇസ്‌ലാമാബാദ്: ഭരണാധികാരികൾക്ക് കാലാവധി പൂർത്തിയാക്കാൻ രാശിയില്ലാത്ത രാജ്യമെന്ന പാകിസ്താന്റെ ദുഷ്‌പേര് തിരുത്താനാവാതെ ഇമ്രാൻ ഖാനും പ്രധാനമന്ത്രി സ്ഥാനത്ത്‌നിന്ന് പടിയിറങ്ങുന്നു. പാക് നാഷണൽ അസംബ്ലിയിൽ അവിശ്വാസപ്രമേയം പാസായതോടെയാണ് ഇമ്രാന് പദവിയൊഴിയേണ്ടി വന്നത്.
പാക് ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്തേക്ക് പോവുന്നത്. മറ്റുള്ളവരെല്ലാം കൊല്ലപ്പെടുകയോ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ആയിരുന്നു. ജനാധിപത്യ സംവിധാനത്തിലൂടെയാണ് പുറത്താക്കപ്പെടുന്നത് എന്നതിൽ ഇമ്രാന് ആശ്വസിക്കാം. ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. വോട്ടെടുപ്പിന് മുമ്പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനാൽ പാർലമെന്റ് അംഗമായ അയാൻ സാദിഖ് ആണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. നേരത്തെ പാക് നാഷണൽ അസംബ്ലി പിരിച്ചുവിട്ട ഇമ്രാൻ പിടിച്ചുനിൽക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും സുപ്രീംകോടതിയുടെ നിർണായക ഇടപെടലിനെ തുടർന്ന് വോട്ടെടുപ്പ് നടത്താൻ നിർബന്ധിതനാവുകയായിരുന്നു.
അഴിമതി മൂലം പൊറുതിമുട്ടിയ ഒരു ജനതയുടെ വലിയ പ്രതീക്ഷയായിരുന്നു ഇമ്രാൻഖാൻ. ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാകിസ്താനിലെത്തിച്ച ഇമ്രാൻ തങ്ങളുടെ രക്ഷകനാകുമെന്ന് പാക് ജനത സ്വപ്‌നം കണ്ടിരുന്നു. എന്നാൽ സൈന്യത്തിന്റെ അപ്രീതിക്കൊപ്പം ജനപ്രീതിയിലുണ്ടായ ഇടിവും ഇമ്രാൻഖാന് തിരിച്ചടിയായി. ക്രിക്കറ്റിൽ പല റെക്കോഡുകളും തിരുത്തിയിട്ടുള്ള ഇമ്രാൻ കാലാവധി പൂർത്തിയാക്കാൻ ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്ന രാഷ്ട്രീയ ചരിത്രത്തെ തിരുത്താനായില്ല.
1992 മാർച്ച് 25ന് മെൽബണിൽ പാക്കിസ്താൻ ഏക ലോകകപ്പ് കിരീടം ചൂടുമ്പോൾ ക്യാപ്റ്റനായിരുന്നു ഇമ്രാൻ ഖാൻ. 1996 ഏപ്രിൽ 25നാണ് അദ്ദേഹം തെഹ്രികെ ഇൻസാഫ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചത്. 2018 ഓഗസ്റ്റ് 13ന് 22 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ ഇമ്രാൻ പ്രധാനമന്ത്രിയായി. ചരിത്രത്തിലാദ്യമായി പാക്കിതാൻ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോൾ നായകനായ ഇമ്രാൻഖാൻ പാകിസ്ഥാനികളുടെ മനസിന്റെയും നായകനായി മാറി. 72 റൺസുമായി ടീമിന്റെ ടോപ് സ്‌കോററായ ക്യാപ്റ്റൻ പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോൾ രാജ്യത്തെ വലിയ വിജയത്തിലേക്ക് നയിക്കുമെന്ന് മാറ്റം കൊതിച്ച പാകിസ്താനികൾ സ്വപ്നം കണ്ടു. അമ്മയുടെ പേരിൽ ആരംഭിച്ച കാൻസർ സെന്റർ ഉൾപ്പെടെ കണ്ടുപരിചയിച്ചവയിൽ നിന്ന് ഇമ്രാന് ജനത്തിന് നൽകിയത് വ്യത്യസ്തമായ രാഷ്ട്രീയമുഖമായിരുന്നു.
രാഷ്ട്രീയ പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിച്ച ഇമ്രാൻ രാഷ്രീയക്കാരുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു. വിദേശത്തു പഠിച്ചു വളർന്നു ക്രിക്കറ്റ് കളിക്കാരാനായി ജീവിച്ച തനിക്കു അഴിമതി നടത്തേണ്ട കാര്യമില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പുതിയൊരു പാകിസ്താനാണ് തന്റെ സ്വപ്നമെന്നുമുള്ള ഇമ്രാൻഖാന്റെ പ്രഖ്യാപനം ജനം ഏറ്റെടുത്തു. പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി ഇമ്രാൻഖാൻ അധികാരമേറ്റു. പക്ഷേ ഒറ്റക്ക് ഭരിപക്ഷമില്ലെന്നതായിരുന്നു പിന്നീടുള്ള പ്രതിസന്ധി. പണപ്പെരുപ്പവും വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധിയും പിന്നീട് ഇമ്രാന്റെ ജനപ്രീതിയിടിച്ചു.ഐഎസ്‌ഐ തലവന്റെ നിയമനത്തിൽ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വവയുമായി തെറ്റിയതോടെ സൈന്യത്തിന്റെ അപ്രീതിയും നേടി. അങ്ങനെ അനിവാര്യമായ പതനം ഒഴിവാക്കാനാവാതെ ഇമ്രാൻഖാനും പടിയിറങ്ങി. കാലാവധി പൂർത്തിയാക്കാൻ ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്ന ചരിത്രത്തെ തിരുത്താൻ കഴിയാതെയുള്ള പടിയിറക്കം.
Adjust Story Font
16