Quantcast

ദുരിതങ്ങള്‍ക്കിടയിലും ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഫലസ്തീനികൾ; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍

ഈജിപ്ത്​ മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ തയാറെന്ന്​ ഹമാസ്

MediaOne Logo

Web Desk

  • Updated:

    30 March 2025 4:52 AM

Published:

30 March 2025 1:12 AM

Palestianians, Gaza Eid al-Fitr,world,ഗസ്സ,ചെറിയ പെരുന്നാള്‍,ഈദ്
X

ഗസ്സസിറ്റി:ഇസ്രായേലിന്‍റെ നരനായാട്ടിനും കൊടിയ ദുരിതങ്ങൾക്കിടയിലും പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഫലസ്തീനികൾ. കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും ബോംബാക്രമണ പരമ്പരകൾക്കിടയിലാണ് ഗസ്സക്കാരുടെ പെരുന്നാൾ. നീണ്ട 18 മാസക്കാലമായി ആക്രമണത്തിനും ദുരിതങ്ങൾക്കും ഇടയിൽ വലയുകയാണ് ഗസ്സയിലെ മനുഷ്യര്‍. ഇതിനിടയിലും ചെറിയ പെരുന്നാള്‍ തങ്ങളാകും വിധം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഗസ്സക്കാര്‍.

ഉറ്റവരെയും ഉടയവരെയും നഷ്ടമായതിന്‍റെ ദുഃഖവും പേറി സ്വന്തം വീടുപോലുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുകയാണ് ഇവിടുത്തെ മനുഷ്യര്‍.ഭക്ഷ്യ,കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ഗസ്സയിലേക്കുള്ള ഉപരോധത്തിൽ ഇളവ്​ അനുവദിക്കില്ലെന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചു നിൽക്കുകയാണ്​. 2025 മാർച്ച് 2 മുതൽ, ഇസ്രായേൽ അതിര്‍ത്തിവഴിയുള്ള മാനുഷിക, മെഡിക്കൽ, ദുരിതാശ്വാസ സഹായങ്ങളുടെ പ്രവേശനം തടഞ്ഞുകൊണ്ട് ഗസ്സയില്‍ പൂർണ്ണ ഉപരോധം ഏർപ്പെടുത്തി.

ഇതോടെ വിപണികൾ ഏതാണ്ട് കാലിയായിരിക്കുകയാണ്. ശേഷിക്കുന്ന സാധനങ്ങളുടെ വിലയാട്ടെ കുതിച്ചുയർന്നു കഴിഞ്ഞു.അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ ഫലസ്തീനിലെ മനുഷ്യര്‍ നെട്ടോട്ടമോടുകയാണ്.

എന്നാൽ ആക്രമണം കൂടുതൽ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ്​ ഇസ്രായേൽ. ഗസ്സയിലെ റഫക്ക്​ സമീപം കരയാക്രമണം വിപുലപ്പെടുത്താൻ തീരുമാനിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 21 പേരെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​. ഗസ്സക്കു പുറമെ അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കു നേരെയും ഇസ്രയേൽ അതിക്രമം തുടരുകയാണ്​. ജി​ൻ​ബ ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ​ ജൂത കുടിയേറ്റക്കാർ വ​ടി​​ക​ളും ക​ല്ലു​ക​ളും ബാ​റ്റും ഉ​പ​യോ​ഗി​ച്ച് ​ആ​ക്ര​മി​ച്ച​ സംഭവത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു.

രണ്ടു ദിവസം മുമ്പ്​ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്​തും ഖത്തറും കൈമാറിയ പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന്​ ഹമാസ്​ അറിയിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കാലയളവിൽ നിശ്​ചിത ശതമാനം ബന്ദികളെ കൈമാറുന്നതാണ്​ നിർദേശം.

ഗസ്സയിൽ നിന്നുള്ള ഇസ്രായേലിന്‍റെ സമയബന്​ധിത പിൻമാറ്റവും കരാർ വ്യവസ്ഥ ചെയ്യുന്നതായാണ്​ വിവരം. ഹമാസ്​ നേതാവ്​ ഖലീൽ അൽ ഹയ്യയാണ്​ നിർദേശം അംഗീകരിക്കുന്നതായി ഈജിപ്തിനെയും ഖത്തറിനെയും അറിയിച്ചത്​. നിർദേശത്തോട്​ അമേരിക്ക അനുകൂല നിലപാട്​ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ്​ മധ്യസ്ഥ രാജ്യങ്ങൾ.

TAGS :

Next Story