Quantcast

ഗസ്സ-വെസ്റ്റ് ബാങ്ക് ആക്രമണം: മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള ഫലസ്തീൻ സർക്കാർ രാജിവച്ചു

ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി

MediaOne Logo

Web Desk

  • Updated:

    2024-02-27 02:05:40.0

Published:

26 Feb 2024 9:34 AM GMT

MohammadShtayyeh, PalestinePM, Shtayyehgovernment, MahmoudAbbas
X

മുഹമ്മദ് ഇഷ്തയ്യ

വെസ്റ്റ് ബാങ്ക്: ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ സർക്കാർ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണു രാജി സമർപ്പിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു നടപടി.

മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണു സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിലെ പുതിയ യാഥാർത്ഥ്യം കണക്കിലെടുത്തുള്ള പുതിയ സർക്കാർ-രാഷ്ട്രീയ രൂപീകരണം വെല്ലുവിളി നിറഞ്ഞതാകും. അതിന് ഫലസ്തീൻ ജനതയുടെ പൊതുസമ്മതം വേണം. ഫലസ്തീൻ ഭൂമിക്കുമേലുള്ള അധികാരത്തിലും ഫലസ്തീന്റെ ഐക്യത്തിലും അടിസ്ഥാനമാക്കിയുള്ളതാകണമതെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേർത്തു.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിച്ചാലുടൻ പുതിയ സർക്കാർ രൂപീകരിക്കാൻ മഹ്മൂദ് അബ്ബാസ് നീക്കംനടത്തുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഗസ്സയുടെ പുനർനിർമാണമായിരിക്കും പുതിയ സർക്കാരിന്റെ പ്രാഥമിക പരിഗണന. രാഷ്ട്രീയ നേതാക്കൾക്കു പകരം വിവിധ രംഗങ്ങളിൽ വിദഗ്ധരായ ഒരു സംഘത്തെ ചേർത്തായിരിക്കും പുതിയ സർക്കാർ രൂപീകരണമെന്നാണ് ഈജിപ്ത് മാധ്യമമായ 'അശ്ശർഖുൽ ഔവ്‌സഥ്' റിപ്പോർട്ട് ചെയ്തത്.

പുതിയ സർക്കാർ രൂപീകരിക്കാൻ നീക്കമുണ്ടെങ്കിൽ രാജിവയ്ക്കുമെന്ന് മുഹമ്മദ് ഇഷ്തയ്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയരക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് മുസ്തഫയെ പുതിയ സർക്കാർ രൂപീകരിക്കാൻ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, ഇതിന് വിവിധ ഫലസ്തീൻ കക്ഷികളുടെ അംഗീകാരം ആവശ്യമാണ്. സർക്കാരിന്റെ രാജിനീക്കത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് ഉൾപ്പെടെയുള്ള അറബ് നേതാക്കളുമായും അബ്ബാസ് ചർച്ച നടത്തിയിരുന്നു.

1954ൽ ഫലസ്തീനിൽ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയിൽ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

Summary: Palestinian prime minister Mohammad Shtayyeh submits government's resignation to Mahmoud Abbas

TAGS :

Next Story