Quantcast

അൽ ജസീറ ചാനലിന് താത്കാലിക നിരോധനം ഏർപ്പെടുത്തി ഫലസ്തീൻ ഭരണകൂടം; നടപടി തുടർച്ചയായ നിയമ ലംഘനം ആരോപിച്ച്

നിരോധനത്തെ എതിർത്ത് ഫലസ്തീനിലെ പ്രതിപക്ഷവും മുൻ മന്ത്രിമാരും. എത്രയും വേഗം നടപടി പിൻവലിക്കണമെന്ന് ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് പാർട്ടി

MediaOne Logo

Web Desk

  • Updated:

    2025-01-02 02:14:05.0

Published:

2 Jan 2025 2:13 AM GMT

അൽ ജസീറ ചാനലിന് താത്കാലിക നിരോധനം ഏർപ്പെടുത്തി ഫലസ്തീൻ ഭരണകൂടം; നടപടി തുടർച്ചയായ നിയമ ലംഘനം ആരോപിച്ച്
X

ഗസ്സസിറ്റി: ഫലസ്തീനിൽ അൽ ജസീറ ചാനലിനെ താത്ക്കാലികമായി നിരോധിച്ച് ഫലസ്തീൻ ഭരണകൂടം. തുടർച്ചയായി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. അതേസമയം നടപടി നിർഭാഗ്യകരമെന്ന് അൽ ജസീറ പ്രതികരിച്ചു.

സാംസ്‌കാരിക, ആഭ്യന്തര, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഫലസ്തീനിയൻ മന്ത്രിതല സമിതിയാണ് അല്‍ജസീറയെ വിലക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതായി ഫലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നത്. അൽ ജസീറയുമായി ബന്ധപ്പെട്ട എല്ലാ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും അനുബന്ധ ചാനലുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും കമ്മിറ്റി ഉത്തരവിട്ടു. നിരോധനം താത്കാലികമാണെന്ന് പ്രത്യേകം പറയുന്നുണ്ടെങ്കിലും എന്നുവരെ എന്ന് വ്യക്തമാക്കുന്നില്ല.

ജെനിനിലെ ഫലസ്തീൻ ദേശീയ സുരക്ഷാ സേനയും ഫലസ്തീൻ പ്രതിരോധ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ പുറത്തുവിട്ടതാണ് അൽ ജസീറയെ നിരോധിക്കാൻ കാരണമായതെന്നാണ് സൂചന. എന്നാല്‍ ഫലസ്തീൻ നിയമങ്ങളും ചട്ടങ്ങളും തുടർച്ചയായി അൽ ജസീറ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ആഭ്യന്തര-വാർത്താവിനിമയ മന്ത്രാലങ്ങൾ അറിയിക്കുന്നത്.

അതേസമയം നിരോധനത്തെ എതിർത്ത് ഫലസ്തീനിലെ പ്രതിപക്ഷവും മുൻ മന്ത്രിമാരും രംഗത്തെത്തി. അൽ ജസീറയുടെ നിരോധനം വലിയ തെറ്റാണെന്നും എത്രയും വേഗം നടപടി പിൻവലിക്കണമെന്നും ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു. ഇസ്രായേൽ വംശഹത്യയെ ലോകത്തിന് തുറന്നുകാട്ടുന്ന മാധ്യമത്തെ നിരോധിക്കുന്നത് അപകടകരമാണെന്നും മുൻ മന്ത്രിമാരും വ്യക്തമാക്കി.

ഇസ്രായേലിൽ കഴിഞ്ഞ മെയ് മാസം അൽ ജസീറയുടെ ഓഫീസ് അടച്ചുപൂട്ടുകയും ചാനൽ നിരോധിക്കുകയും ചെയ്തിരുന്നു.

അതേസമയം ഗസ്സയിലെ ഇസ്രായേൽ വംശഹത്യ തുടരുകയാണ്. വീടുകൾക്കും അഭയാർഥി ക്യാമ്പുകള്‍ക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തി. 24 മണിക്കൂറിനിടെ 50ലധികം പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. നുസൈറാത്തിലെയും ജബാലിയിലെയും റഫയിലെയും വീടുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ഇതിനിടെ ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗ്യാലൻഡ് പാർലമെന്റ് അംഗത്വം രാജിവെച്ചു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യോവ് ഗ്യാലന്റിനെ നേരത്തെ മന്ത്രിസഭയിൽ നിന്ന് നെതന്യാഹു പുറത്താക്കിയിരുന്നു.

TAGS :

Next Story