Quantcast

ഫലസ്തീൻ സിനിമകൾ ഒഴിവാക്കി; നെറ്റ്ഫ്‌ലിക്‌സിന് വൻ ബഹിഷ്‌കരണാഹ്വാനം

വിമർശനങ്ങൾക്കും ബഹിഷ്‌ക്കരണങ്ങൾക്കും പിന്നാലെ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രൈബേഴ്‌സിൽ വൻ കൊഴിഞ്ഞുപോക്ക്

MediaOne Logo

Web Desk

  • Published:

    30 Oct 2024 7:18 AM GMT

ഫലസ്തീൻ സിനിമകൾ ഒഴിവാക്കി; നെറ്റ്ഫ്‌ലിക്‌സിന് വൻ ബഹിഷ്‌കരണാഹ്വാനം
X

ഫലസ്തീൻ ചലചിത്രശേഖരം നീക്കം ചെയ്തതിന് പിന്നാലെ ആഗോളതലത്തിൽ നിന്നും കനത്ത ബഹിഷ്‌കരണാഹ്വാനം നേരിടുകയാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്.

2021ലാണ് ഫലസ്തീനിയൻ ചലചിത്ര നിർമാതാക്കൾ സംവിധാനം ചെയ്തതും ഫലസ്തീനിലെ സംഭവവികാസങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുമായ 32 സിനിമകൾ ഉൾപ്പെടുന്ന ഫലസ്തീനിയൻ സ്റ്റോറീസ് എന്ന സിനിമാ ശേഖരം നെറ്റ്ഫ്‌ലിക്‌സ് പുറത്തിറത്തിറക്കുന്നത്. ഇതിൽ 19 സിനിമകളാണ് നിലവിൽ നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്തിരിക്കുന്നത്.

ഫലസ്തീന്റെ പ്രാധിനിധ്യം ആസൂത്രിതമായി ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ഫലസ്തീനിലും ആഗോളതലത്തിലും നെറ്റ്ഫ്‌ലിക്‌സിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉടലെടുത്തുക്കൊണ്ടിരിക്കുന്നത്. എന്നാൽ ലൈസൻസ് കാലഹരണപ്പെട്ടതിനാലാണ് തങ്ങൾ സിനിമകൾ നീക്കം ചെയ്തതെന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ വാദം.

എന്നാൽ നെറ്റ്ഫ്‌ലിക്‌സിന്റെ ന്യായീകരണം അംഗീകരിക്കാൻ ലോകജനത തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്നത് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ നെറ്റ്‌ലിക്‌സിനെതിരെ ഉയർന്നുവന്ന ബഹിഷ്‌കരണാഹ്വാനം. 'ബോയ്‌കോട്ട് നെറ്റ്ഫ്‌ലിക്‌സ്' ഹാഷ്ടാഗുകൾ സജീവമാകുന്നതിനൊപ്പം 'നെറ്റ്ഫ്‌ലിക്‌സ് വംശഹത്യാ അനുകൂലി' എന്ന വിമർശനവും വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഫലസ്തീന്റെ ചരിത്രം മായ്ക്കാനുള്ള ശ്രമത്തിന്റെ ഉദാഹരണമാണ് നെറ്റ്ഫ്‌ലിക്‌സിന്റെ നയമെന്നും വിമർശനങ്ങളുണ്ട്.

സമൂഹമാധ്യമങ്ങളിലെ വിമർശനത്തിന് പിന്നാലെ നെറ്റ്ഫ്‌ലിക്‌സ് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടത് വനിതാ യുദ്ധവിരുദ്ധ സംഘടനയായ കോഡ് പിങ്ക് നെറ്റ്ഫ്‌ലിക്‌സിനെതിരെ സംഭവത്തിൽ അതിരൂക്ഷമായാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

'ഫലസ്തീൻ ചരിത്രത്തെ സജീവമായി നിലനിർത്തുന്നതിനുള്ള ഒരു നിർണായക വശമാണ് കഥപറച്ചിൽ - നെറ്റ്ഫ്‌ലിക്‌സ് ഫലസ്തീനികളുടെ കഥകളും കാഴ്ചപ്പാടുകളും ജനകീയ സംസ്‌കാരത്തിൽ നിന്ന് അക്ഷരാർത്ഥത്തിൽ മായ്ച്ചുകളയുകയാണ്.'- എന്നാണ് കോഡ് പിങ്ക് കുറിച്ചത്.

ഒഴിവാക്കപ്പെട്ട സിനിമകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോഡ് പിങ്ക് തങ്ങളുടെ വെബ്‌സൈറ്റിൽ നിവേദനത്തിൽ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ 12,000ത്തിന് മുകളിൽ ഒപ്പുകളാണ് ഈ നിവേദനം ശേഖരിച്ചിട്ടുള്ളത്.

കോഡ് പിങ്കിന് പുറമേ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫോർവേഡ് എന്ന മനുഷ്വാവകാശ സംഘടനയും നെറ്റ്ഫ്‌ലിക്‌സിനെതിരെ തുറന്ന കത്തും നിവേദനവും നൽകിയിരുന്നു.

ഫലസ്തീനികളുടെയോ അവരെക്കുറിച്ചോ ഉള്ള 19 സിനിമകൾ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് നെറ്റ്ഫ്‌ലിക്‌സ് വിശദീകരിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

2021 ഒക്ടോബറിൽ ഫലസ്തീൻ സിനിമാ ശേഖരം നെറ്റ്ഫ്‌ലിക്‌സിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ഇതിനെതിരെ സയണിസ്റ്റ് ലോബി പ്രചാരണം ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ ഇസ്രായേലി സംഘമായ 'ഇം ടിർട്‌സു' ഈ ശേഖരത്തിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. 19 ഫീച്ചർ ഡയറക്ടർമാരിൽ 16 പേരും ഇസ്രായേലിനെതിരായ ബഹിഷ്‌കരം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നവരാണെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ, ലോകമെമ്പാടുമുള്ള കലാപരാമയ സ്വാതന്ത്ര്യത്തിനും ആധികാരികമായ കഥകൾക്കുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അന്ന് സയണിസ്റ്റ് ലോബികളുടെ വാദത്തെ നെറ്റ്ഫ്‌ലിക്‌സ് എതിർത്തത്. ജനങ്ങളുടെ ജീവിതം, സ്വപ്നങ്ങൾ, കുടുംബം, സൗഹൃദം, സ്‌നേഹം എന്നിവ ഒപ്പിയെടുക്കുന്ന ഫലസ്തീൻ അനുഭവങ്ങളാണ് ഈ ശേഖരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, മൂന്ന് വർഷത്തിനുശേഷം ഈ നിലപാടിൽനിന്ന് നെറ്റ്ഫ്‌ലിക്‌സ് പിൻവാങ്ങിയെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

അന്താരാഷ്ട്ര ചലചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ നിരവധി ചിത്രങ്ങളും നീക്കിയവയിൽ ഉൾപെടുന്നുണ്ട്. റാണി മസ്സൽഹയുടെ 'ജിറഫാദ', ജസീക്ക ഹാബിയുടെ 'മാർസ് അറ്റ് സൺറൈസ്', എലിയ സുലൈമാന്റെ 'ഡിവൈൻ ഇന്റെർവെൻഷൻ', ആൻമരി ജസീറിന്റെ ' ലൈക്ക് 20 ഇംപോസിബിൾസ്', ഫറാ നസ്ബുൾസിയുടെ 'ദ പ്രസന്റ്' എന്നിവ ഈ സിനിമകളിൽ പെടും. ഇവ കൂടാതെ അഭയാർഥി ക്യാമ്പിലെ ജീവിതം രണ്ട് കുട്ടികളുടെ കണ്ണിലൂടെ ചിത്രീകരിക്കുന്ന മായ് മസ്രി സംവിധാനം ചെയ്ത 'ചിൽഡ്രൻ ഓഫ് ഷാതില' ഉൾപ്പെടെയുള്ള ചിത്രങ്ങൾ നെറ്റ്ഫ്‌ലിക്‌സ് നീക്കിയിട്ടുണ്ട്. '200 മീറ്റേഴ്‌സ്', 'ഇബ്രാഹിം എ ഫേറ്റ് ടു ഡിഫൈൻ' എന്നീ രണ്ട് സിനിമകൾ മാത്രമാണ് നിലവിൽ ശേഖരത്തിലുള്ളത്.

TAGS :

Next Story