Quantcast

'ഫലസ്തീൻ ഉണങ്ങാത്ത മുറിവ്'; അവഗണിക്കപ്പെടുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖത്തർ അമീർ

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ സഹിഷ്ണുത കാണിക്കരുതെന്നും ഖത്തർ അമീർ

MediaOne Logo

Web Desk

  • Updated:

    2022-05-23 18:25:04.0

Published:

23 May 2022 6:11 PM GMT

ഫലസ്തീൻ ഉണങ്ങാത്ത മുറിവ്; അവഗണിക്കപ്പെടുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖത്തർ അമീർ
X

ഫലസ്തീൻ ഒരിക്കലും ഉണങ്ങാത്ത മുറിവാണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകം മറന്നു പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഖത്തർ അമീർ അഭ്യർത്ഥിച്ചു. ഫലസ്തീനിലെ ഇസ്രായേൽ അതിക്രമത്തിന്റെയും യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഐക്യരാഷ്ട്ര സഭ സ്ഥാപിതമായത് മുതലുള്ള പ്രശ്‌നമാണ് ഫലസ്തീനികൾ ഇന്നും അഭിമുഖീകരിക്കുന്നത്. ഫലസ്തീനി കുടുംബങ്ങൾ പതിറ്റാണ്ടുകളായി സമാധാനമില്ലാതെ കഴിയുകയാണ്. അനധികൃതമായി കുടിയേറിയെന്ന് ആരോപിച്ചുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ ഇസ്രായേൽ പടച്ചുവിടുകയാണെന്നും ഖത്തർ അമീർ തുറന്നടിച്ചു. ലോകം അനീതിക്കും അക്രമത്തിനുമെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെന്നും ഖത്തർ അമീർ വ്യക്തമാക്കി.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഈ മാസം ആദ്യം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു ആഖിലയുടെ കാര്യം അമീർ പ്രത്യേകം പരാമർശിച്ചു. അവളുടെ മരണം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ഖത്തർ അമീർ പറഞ്ഞു. ഈ വർഷം മാർച്ച് മുതൽ യുക്രൈനിൽ കൊല്ലപ്പെട്ടത് ഏഴ് മാധ്യമപ്രവർത്തകരാണ്. 2000 മുതൽ ഫലസ്തീനിൽ 18 പത്രപ്രവർത്തകരും കൊല്ലപ്പെട്ടു. കൂടാതെ ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ റിപ്പോർട്ടിങ്ങിനിടെ നിരവധി മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടുവെന്ന് ഖത്തർ അമീർ ഓർമ്മപ്പെടുത്തി.

മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ സഹിഷ്ണുത കാണിക്കരുത്, മതത്തിന്റെയോ പ്രദേശത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ ആളുകളുടെ മൂല്യത്തെക്കുറിച്ച് സർക്കാരുകൾ ഇരട്ടത്താപ്പ് കാട്ടുന്ന ലോകത്തെ അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരോ യൂറോപ്പ്യൻസിന്റെയും മൂല്യം തങ്ങളുടെ പ്രദേശത്ത്‌നിന്നുള്ള ഒരാളെപ്പോലെ തന്നെ വിലപ്പെട്ടതായി കരുതുന്നുവെന്നും ഖത്തർ അമീർ വ്യക്തമാക്കി. യുക്രൈൻ പ്രതിസന്ധി നയതന്ത്ര ഇടപെടലിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും ഖത്തർ അമീർ നിർദേശിച്ചു. ഇരകൾക്ക് സഹായവും ഐക്യദാർഢ്യവും പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക വെല്ലുവിളികൾക്കും ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കും ഇടയിൽ നടക്കുന്ന ദാവോസ് ഫോറത്തിന് അസാധാരണമായ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് തമീം ചൂണ്ടിക്കാട്ടി. ''സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കുന്നതിന് മുമ്പ്, സമാധാനത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കണം'', ലോകമെമ്പാടുമുള്ള ആളുകളിലേക്ക് തങ്ങളുടെ സന്ദേശമെത്തിക്കണമെന്നും തമീം ഊന്നിപ്പറഞ്ഞു. ഐക്യത്തിലൂടെ മാത്രമേ, ഭിന്നിപ്പിക്കുന്നവരെ മറികടക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story