'അവർ ഞങ്ങളെ മൃഗങ്ങളായിപ്പോലും പരിഗണിച്ചില്ല'; ജയിലിൽ നേരിട്ടത് ക്രൂരപീഡനമെന്ന് ഫലസ്തീൻ തടവുകാർ
തുടർച്ചയായ പീഡനങ്ങളെ തുടർന്ന് പല തടവുകാരുടെയും വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു.

ഗസ്സ: ഇസ്രായേൽ ജയിലുകളിൽ തങ്ങൾ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് മോചിപ്പിക്കപ്പെട്ട ഫലസ്തീൻ തടവുകാർ. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 183 ഫലസ്തീനികളാണ് ഇതുവരെ മോചിപ്പിക്കപ്പെട്ടത്. വർഷങ്ങളോളം ജയിലിൽ ക്രൂരമായ പീഡനം നേരിട്ടതിനെ തുടർന്ന് അവശരായാണ് പലരും പുറത്തിറങ്ങിയത്. ക്ഷീണിതരായിരുന്ന പലരും കാത്തിരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിക്കാൻ പോലുമാവാതെ നേരിട്ട് ആശുപത്രിയിലേക്കാണ് പോയത്.
''ഓരോതവണ തടവുകാർ മോചിതരായപ്പോഴും അവരുടെ ശരീരത്തിൽ തടവറയിൽ അവർ നേരിട്ട പീഡനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ഒക്ടോബർ ഏഴിന് ശേഷം പീഡനത്തിന്റെ കാഠിന്യം വർധിച്ചു. പട്ടിണിക്കിട്ടു, ചികിത്സ നിഷേധിച്ചു, സ്‌കാബിസ് അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ചു. ദിവസങ്ങളോളം ക്രൂരമായി മർദിച്ചതിനെ തുടർന്ന് പലരുടെയും വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നു''-ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
''കഴിഞ്ഞ 15 മാസമായി ക്രൂരമായ പീഡനങ്ങളാണ് ഞങ്ങൾ നേരിട്ടത്. മനുഷ്യത്വരഹിതമായാണ് ഇസ്രായേൽ സൈന്യം പെരുമാറിയത്. ഞങ്ങളോട് പെരുമാറിയതിനെക്കാൾ മാന്യമായാണ് അവർ മൃഗങ്ങളോട് പോലും പെരുമാറിയത്''-ജയിൽമോചിതനായ ഒരു തടവുകാരൻ പറഞ്ഞു.
കെറ്റ്‌സിയോട്ട് ജയിലിൽനിന്ന് വിട്ടയക്കപ്പെട്ട ഫലസ്തീൻ തടവുകാരോട് ഇസ്രായേൽ സൈന്യം പെരുമാറിയ രീതിയിൽ റെഡ്‌ക്രോസ് വളണ്ടിയർമാർ രോഷം പ്രകടിപ്പിച്ചു. തടവുകാരുടെ കൈകൾ തലക്ക് മുകളിൽ വിലങ്ങണിയിച്ച നിലയിലായിരുന്നു. ഫലസ്തീൻ തടവുകാർ അനുഭവിച്ച അധിക്ഷേപവും പീഡനവും ഇസ്രായേൽ ജയിലുകളുടെ നേർചിത്രം വെളിപ്പെടുത്തുന്നതണ് എന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
47000 ആളുകൾ കൊല്ലപ്പെട്ട ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണത്തിനിടയിലും ഇസ്രായേലി ബന്ദികൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ തങ്ങൾക്കായെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ബന്ദികളുടെ മാനസികവും ശാരീരികവുമായ അവസ്ഥ തങ്ങളുടെ ചെറുത്തുനിൽ്പ്പിന്റെ മുല്യങ്ങളും തടവുകാരോടുള്ള ധാർമിക പ്രതിബദ്ധതയും തെളിയിക്കുന്നതാണ്. അതേസമയം ഇസ്രായേൽ സൈന്യം ജയിലുകളിൽ ഫലസ്തീൻ തടവുകാർക്ക് നേരെ ഹീനമായ കുറ്റകൃത്യങ്ങളാണ് നടത്തുന്നതെന്നും ഹമാസ് പറഞ്ഞു.
Adjust Story Font
16