റഫ അതിർത്തി ഇന്ന് തുറക്കും; ഫലസ്തീന് സഹായവുമായി ഇരുപത് ട്രക്കുകള്‍
നൂറുകണക്കിന് നിരപരാധികൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു
റഫ അതിര്‍ത്തി
തെല്‍ അവിവ്: ഗസ്സക്കു മേലുള്ള വ്യോമാക്രമണം പതിമൂന്നാം നാളിലും തുടരുമ്പോൾ കരയുദ്ധം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ. നൂറുകണക്കിന് നിരപരാധികൾ ഇന്നലെയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി ഇരുപത് ട്രക്കുകൾ ഇന്ന് ഗസ്സയിലേക്ക്. യെമനിൽ നിന്നുള്ള മൂന്ന് മിസൈലുകൾ യു.എസ് പടക്കപ്പൽ തകർത്തതായി പെന്‍റഗൺ. ഗസ്സയിൽ കുരുതി തുടർന്നാൽ മേഖലയിൽ യുദ്ധം ഉറപ്പാണെന്ന് ഹമാസ് മുന്നറിയിപ്പ്.
ഗസ്സക്കു മേൽ ഇസ്രായേൽ പോർവിമാനങ്ങളുടെ ആക്രമണത്തിന് കൂടുതൽ കടുപ്പമേറി. സിവിലിയൻ കേന്ദ്രങ്ങൾ അക്രമിച്ച് തകർക്കുന്നതിൽ ആനന്ദം കൊള്ളുകയാണ് സൈന്യം. കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. കരയുദ്ധത്തിനൊരുങ്ങാൻ അതിർത്തിയിൽ തമ്പടിച്ച സൈനികർക്ക് വീണ്ടും നിർദേശം. അമേരിക്കയിൽ നിന്ന് വൻതോതിൽ ബോംബുകളും യുദ്ധോപകരണങ്ങളുമായി നിത്യവും വിമാനങ്ങൾ എത്തുന്നു. സാധ്യമായ എല്ലാ സൈനിക പിന്തുണയും ഉറപ്പാണെന്ന് ഇസ്രായേൽ സന്ദർശിച്ച ഋഷി സുനകും നെതന്യാഹുവിന് ഉറപ്പ് നൽകി. ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് സഹായ വസ്തുക്കളുമായി ഇന്നെത്തുന്നത് വെറും ഇരുപത് ട്രക്കുകൾ. റഫ അതിർത്തിയിലൂടെ ഗസ്സയിൽ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീർണം.
അടിയന്തര വെടിനിർത്തൽ വേണമെന്ന് ഈജിപ്തിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായ ഉൽപന്നങ്ങൾ എത്തിക്കുന്നതിനെ തന്‍റെ രാജ്യം പിന്തുണക്കുമെന്ന് റിയാദിൽ സൗദി നേതാക്കളെ കണ്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യെമനിൽ നിന്നു വന്ന മൂന്ന് മിസൈലുകൾ യു.എസ് പടക്കപ്പൽ തകർത്തതായി പെന്‍റഗണ്‍ അറിയിച്ചു. മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യം വെച്ചാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം നടന്നതായും പെൻറഗൺ വക്താവ് വെളിപ്പെടുത്തി. നിലവിലെ സാഹചര്യം മുതലെടുത്ത് സംഘർഷത്തിന് മേഖലയിലെ രാജ്യങ്ങളും കൂട്ടായ്മകളും തുനിഞ്ഞാൽ മറുപടി പരുക്കനായിരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ മുന്നറിയിപ്പ്. ശത്രുവിനെ കാത്തിരിക്കുന്നത് കൂടുതൽ കടുപ്പമേറിയ ആക്രമണം ആയിരിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ താക്കീത് നൽകി.
Adjust Story Font
16