Quantcast

പാന്‍ഡോറ പേപ്പർ വെളിപ്പെടുത്തല്‍; നിഷേധിച്ച് വ്ളാദിമർ പുടിനും ജോർദാൻ രാജാവ് അബ്ദുല്ലയും, രഹസ്യ സമ്പാദ്യങ്ങളില്ല

പാൻഡോറ പേപ്പർ വെളിപ്പെടുത്തലില്‍ ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-05 01:56:30.0

Published:

5 Oct 2021 1:51 AM GMT

പാന്‍ഡോറ പേപ്പർ വെളിപ്പെടുത്തല്‍; നിഷേധിച്ച് വ്ളാദിമർ പുടിനും ജോർദാൻ രാജാവ് അബ്ദുല്ലയും, രഹസ്യ സമ്പാദ്യങ്ങളില്ല
X

അനധികൃത നികുതി വെട്ടിപ്പ് നടത്തിയെന്ന പാന്‍ഡോറ പേപ്പർ വെളിപ്പെടുത്തല്‍ നിഷേധിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമർ പുടിനും ജോർദാൻ രാജാവ് അബ്ദുല്ലയും. രഹസ്യ സമ്പാദ്യങ്ങളില്ലെന്നും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.

പാൻഡോറ പേപ്പർ വെളിപ്പെടുത്തലില്‍ ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലോകനേതാക്കളുടെയും മറ്റ് പ്രമുഖരുടെയും അനധികൃത സ്വത്തുവിവരങ്ങളും രഹസ്യരേഖകളുമാണ് പൻഡോറ പേപ്പേഴ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് 7 കോടി പൗണ്ട് രഹസ്യസമ്പത്തുണ്ടെന്നും, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന് മൊണാകോയിലാണ് രഹസ്യസമ്പാദ്യമെന്നുമാണ് പാന്‍ഡോറയുടെ കണ്ടെത്തല്‍.

എന്നാല്‍ രഹസ്യമായി സമ്പാദ്യങ്ങളൊന്നും ഇല്ലെന്നും അനധികൃതമായി ഒന്നും ചെയ്തില്ലെന്നുമാണ് പുടിന്‍റെ വാദം. ആരോപണങ്ങള്‍ തള്ളി ജോർദാന്‍ രാജാവും രംഗത്തെത്തി. ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പാന്‍ഡോറ പുറത്തുവിട്ടത്.

ഇന്ത്യക്കാരായ 300 പേര്‍ ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്.ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരവും എംപിയുമായ സച്ചിൻ ടെൻഡുൽക്കർക്ക് ബ്രിട്ടീഷ് വിർജിൻ ഐലൻഡിലാണ് അനധികൃത നിക്ഷേപം , സച്ചിന്റെ ഭാര്യ അഞ്ജലി ടെൻഡുൽക്കർ, ഭാര്യാ പിതാവ് ആനന്ദ് മേത്ത തുടങ്ങിയവരുടെ പേരിലും നിക്ഷേപമുണ്ട്.

അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടേയും പേരുകള്‍ പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ കേസുകളിൽ പാപ്പർ ഹരജി നൽകിയ അനിൽ അംബാനിക്ക് 18 രഹസ്യബാങ്കുകളിലായി വൻ നിക്ഷേപമുണ്ട്. വിവാദ വജ്രവ്യാപാരി നീരവ് മോദി ഇന്ത്യയിൽ നിന്ന് കടക്കുന്നതിന്‍റെ തൊട്ടുമുന്പ് സഹോദരിയുടെ പേരിൽ വലിയ കള്ളപ്പണനിക്ഷേപം നടത്തിയതായും കണ്ടെത്തി.

117 രാജ്യങ്ങളിൽ നിന്നുള്ള 600 മാധ്യമപ്രവർത്തകർ ചേർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് പാൻഡോറ പേപ്പേഴ്സ്. International Consortium of Investigative Journalists (ICIJ)യാണ് ഇതിന് നേതൃത്വം നൽകിയത്.


TAGS :

Next Story