ലോക നേതാക്കളുടെ രഹസ്യസ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി പാൻഡോറ പേപ്പേഴ്സ്, സച്ചിന്‍ ടെന്‍ഡുല്‍ക്കറും പട്ടികയില്‍
വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കൾ അടക്കമുള്ളവരുടെ വിവരങ്ങളാണ് പാൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്
ലോക നേതാക്കളുടെയും സെലിബ്രിറ്റികളുടെയും അനധികൃത സ്വത്ത് സമ്പാദ്യങ്ങളും രഹസ്യ സാമ്പത്തിക രേഖകളും പുറത്തുവിട്ട് പാൻഡോറ പേപ്പേഴ്സ്. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനടക്കം 35 ലോകനേതാക്കൾ പട്ടികയിൽ. ഇന്ത്യയിൽ നിന്ന് സച്ചിൻ ടെൻഡുൽക്കർ അടക്കമുള്ളവരുടെ രഹസ്യവിവരങ്ങളും പുറത്തുവന്നു. ജോർദാൻ രാജാവ് അബ്ദുല്ലയടക്കം വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കളുടെ വിവരങ്ങളാണ് പാൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകള്‍ പുറത്തുവിട്ടു. 100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, യുഎസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും, കായികതാരങ്ങളും സ്ഥാപനങ്ങളും പട്ടികയില്‍ ഉണ്ട്.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് മൊണാകോയിലാണ് രഹസ്യസമ്പാദ്യം. ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനിൽ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോൾ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി തുടങ്ങിയവയുടെ തെളിവുകൾ പാൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടു.
ഇന്ത്യക്കാരായ 300 പേര്‍ ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്.ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരവും എംപിയുമായ സച്ചിൻ ടെൻഡുൽക്കർക്ക് ബ്രിട്ടീഷ് വിർജിൻ ഐലൻഡിലാണ് അനധികൃത നിക്ഷേപം , സച്ചിന്റെ ഭാര്യ അഞ്ജലി ടെൻഡുൽക്കർ, ഭാര്യാ പിതാവ് ആനന്ദ് മേത്ത തുടങ്ങിയവരുടെ പേരിലും നിക്ഷേപമുണ്ട്.
അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടേയും പേരുകള്‍ പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ കേസുകളിൽ പാപ്പർ ഹരജി നൽകിയ അനിൽ അംബാനിക്ക് 18 രഹസ്യബാങ്കുകളിലായി വൻ നിക്ഷേപമുണ്ട്. വിവാദ വജ്രവ്യാപാരി നീരവ് മോദി ഇന്ത്യയിൽ നിന്ന് കടക്കുന്നതിന്‍റെ തൊട്ടുമുന്പ് സഹോദരിയുടെ പേരിൽ വലിയ കള്ളപ്പണനിക്ഷേപം നടത്തിയതായും കണ്ടെത്തി.
117 രാജ്യങ്ങളിൽ നിന്നുള്ള 600 മാധ്യമപ്രവർത്തകർ ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പാൻഡോറ പേപ്പേഴ്സ്. ലോക രാജ്യങ്ങളിലെ 14 കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായി ഇവ ചോര്‍ത്തിയതായാണ് വിവരം.
Adjust Story Font
16