പാരിസ് ഇനി പ്രണയനഗരമല്ല, പട്ടികയിൽ ഒന്നാമത് മൗയി ദ്വീപ്
ആൾതിരക്കുള്ള സ്ഥലങ്ങളേക്കാൾ പ്രണയിതാക്കൾക്കിഷ്ടം സമാധനവും ശാന്തവുമായ സ്ഥലങ്ങളെന്ന് സർവേ
പാരിസ്: പ്രണയിക്കാൻ നമുക്കൊന്ന് പാരിസിലേക്ക് പോയാലോ? ലോകത്തിലെ റൊമാൻ്റിക് നഗരമായ പാരിസിലേക്ക് പോകാനും അത്രമേൽ സുന്ദരമായ കാഴ്ചകൾ കാണാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇനിമുതൽ പാരിസ് അത്ര റൊമാന്റിക് ആയിരിക്കില്ല. കാരണം എന്താണെന്നല്ലെ? ലോകത്തിലെ എറ്റവും മികച്ച പ്രണയനഗരമെന്ന പദവി പാരിസിന് നഷ്ടമായി. കാലങ്ങളോളം പാരിസിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഹവായിയിലെ മൗയി ദ്വീപ് സ്വന്തമാക്കിയത്.
ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഈ വിവരം പുറത്ത് വന്നത്. ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായാണ് ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് 2,000 അമേരിക്കക്കാരിൽ നിന്ന് സർവേ നടത്തിയത്.
ആൾക്കൂട്ടമേറെയുളള പാരിസ് പോലെയുള്ള പ്രശസ്തമായ ഇടങ്ങളെക്കാൾ ആളുകൾ പോകാൻ ആഗ്രഹിക്കുന്നത് തിരക്കൊഴിഞ്ഞ ഇടങ്ങളിലേക്കാണ്. തങ്ങളുടെ പങ്കാളിയോടൊപ്പം സുന്ദരനിമിഷങ്ങൾ പങ്കിടാൻ ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുത്തത് തിരക്കൊഴിഞ്ഞ മൗയി പോലെയുള്ള ഇടങ്ങളാണ്. അതിസുന്ദരമായ കഴ്ചകളുമായാണ് ഹവായിയൻ ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപായ മൗയി സഞ്ചാരികളെ വരവേൽക്കുന്നത്. അതിമനോഹരമായ ബീച്ചുകളും ലാൻഡ്‌സ്‌കേപ്പുകളും മൗയിയുടെ സ്വകാര്യ അഹങ്കാരത്തിന്റെ ഭാഗമാണ്. സമൃദ്ധമായ മഴക്കാടുകളും, കറുത്ത മണൽ കടൽത്തീരങ്ങളും, ആഴത്തിലുള്ള നീല തടാകങ്ങളും ഉൾപ്പെടുന്ന മൗയി സഞ്ചാരികളുടെ പറുദീസയാണ്.
റൊമാൻ്റിക്ക് ഡെസ്റ്റിനേഷനുകളിൽ ഒന്നാം സ്ഥാനം നേടിയ മൗയിക്ക് 34 ശതമാനം വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ പാരിസിന് തലനാരിഴക്കാണ് പ്രണയനഗര പദവി നഷ്ടമായത്. 33 ശതമാനം വോട്ടുകളാണ് പാരിസിന് ലഭിച്ചത്. റോം, വെനീസ്, ക്യാൻകുന് എന്നീ നഗരങ്ങളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടിയത്. വലുതും, എല്ലാ സൗകര്യങ്ങളുമൊക്കെയുള്ള നഗരങ്ങളേക്കാൾ പ്രണയിതാക്കൾക്കിഷ്ടം ചെറുതും അധികമാരും എക്‌സ്‌പ്ലോർ ചെയാത്തതുമായ സമാധാനത്തിന്റെ നഗരങ്ങളാണെന്ന് സർവ്വേ പറയുന്നു.
ഇത്തരത്തിൽ തിരക്കേറിയ നഗര പ്രദേശങ്ങളെ അപേക്ഷിച്ച് സമാധാനവും ശാന്തമായതുമായ ഇടങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായും സർവേ വ്യക്തമാക്കുന്നുണ്ട്. ഇത് തന്നെയാണ് പാരിസ് പോലെയുള്ള പ്രണയ നഗരങ്ങളെ മറികടന്ന് മൗയി പോലെയുള്ള ദ്വീപുകൾ ഒന്നാമതെത്താൻ കാരണമായതും.
Adjust Story Font
16