Quantcast

ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം അറിയിച്ചില്ല; ഇസ്രായേലിനോട് ഇടഞ്ഞ് യു.എസ്

ഇറാന്‍ കൗണ്‍സുലേറ്റിന് നേരെയുണ്ടായ ഇസ്രായേല്‍ മിസൈല്‍ ആക്രമണമാണ് യു.എസിനെ ചൊടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    12 April 2024 1:41 PM GMT

Lloyd Austin
X

വാഷിങ്ടണ്‍: സിറിയയിലെ ഇറാന്‍ കൗണ്‍സുലേറ്റിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിനോട് ഇടഞ്ഞ് യു.എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍. സിറിയയില്‍ ഇറാന്‍ കൗണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണ വിവരം മുന്‍കൂട്ടി അറിയിക്കാത്തതില്‍ ഇസ്രായേലിനോട് പെന്റഗണ്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അതൃപ്തിയുള്ളതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്‍ കൗണ്‍സുലേറ്റിന് നേരെയുണ്ടായ ഇസ്രായേല്‍ മിസൈല്‍ ആക്രമണമാണ് യു.എസിനെ ചൊടിപ്പിച്ചത്. ആക്രമണത്തെ കുറിച്ച് മുന്‍പ് അറിയിച്ചില്ലെന്നും ഇത് മിഡില്‍ ഈസ്റ്റ് മേഖലയിലെ അമേരിക്കന്‍ സൈനികരുടെ അപകട സാഹചര്യം വര്‍ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് വിവരം.

യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍, പ്രതിരോധ മേഖലയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സിറിയയിലെ ഇസ്രായേല്‍ ആക്രമണ വിവരം മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്ന നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ലോയിഡ് ഓസ്റ്റിന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സംഭവത്തിന് പിറ്റേന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയായ യോവ് ഗാലന്റിനെ വിളിച്ചതായും കടുത്ത അതൃപ്തിയും പരാതിയും അറിയിച്ചതായാണ് വിവരം.

അതേസമയം ഇസ്രായേലിനു നേരെ ഇറാന്റെ പ്രത്യാക്രമണം ഏതു സമയവും ഉണ്ടായേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കോണ്‍സുലേറ്റ് ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാനില്‍ നിന്നുള്ള ഏത് തരം ആക്രമണത്തെയും നേരിടാന്‍ ഇസ്രായേല്‍ തയ്യാറാണെന്നും ആക്രമണമുണ്ടായാല്‍ ഇറാനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇസ്രായേല്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് ഇറാന്‍, ഇസ്രായേല്‍, ലബനാന്‍ എന്നിവിടങ്ങളിലേക്ക് പൗരന്മാരുടെ യാത്ര ഫ്രാന്‍സ് വിലക്കിയിട്ടുണ്ട്.

TAGS :

Next Story