Quantcast

'ഇത് ബൈക്ക് റാലിയല്ല, ഗോതമ്പ് കിട്ടാന്‍ ട്രക്കിനെ പിന്തുടരുന്നതാണ്': പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

ബൈക്കിൽ ട്രക്കിനെ പിന്തുടർന്ന് കറൻസി ഉയർത്തിക്കാട്ടി ഗോതമ്പ് ആവശ്യപ്പെടുന്നവരെ ദൃശ്യത്തിൽ കാണാം

MediaOne Logo

Web Desk

  • Published:

    16 Jan 2023 8:16 AM GMT

ഇത് ബൈക്ക് റാലിയല്ല, ഗോതമ്പ് കിട്ടാന്‍ ട്രക്കിനെ പിന്തുടരുന്നതാണ്: പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം
X

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുകയാണ്. ഗോതമ്പ് വാങ്ങാന്‍ ബൈക്കില്‍ ട്രക്കിനെ പിന്തുടരുന്ന ആളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.

"ഇതൊരു മോട്ടോര്‍ സൈക്കിള്‍ റാലിയല്ല. ഗോതമ്പുമായി പോകുന്ന ട്രക്കിനെ ജനങ്ങള്‍ പിന്തുടരുന്ന കാഴ്ചയാണ്. ആളുകൾ ഒരു പാക്കറ്റ് ഗോതമ്പ് മാവ് വാങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിൽ ട്രക്കിനെ പിന്തുടരുകയാണ്. പാകിസ്താനിൽ ഭാവിയുണ്ടോ? ഈ വീഡിയോ പാകിസ്താനിൽ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ്"- നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫസർ സജ്ജാദ് രാജ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

ബൈക്കില്‍ ട്രക്കിനെ പിന്തുടര്‍ന്ന് കറന്‍സി ഉയര്‍ത്തിക്കാട്ടി ഗോതമ്പ് ആവശ്യപ്പെടുന്നവരെ ദൃശ്യത്തില്‍ കാണാം. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ ഗോതമ്പ് മാവിന്‍റെ വില കുതിച്ചുയരുകയാണ്. ഒരു പാക്കറ്റ് ഗോതമ്പ് 3000 പാകിസ്താന്‍ രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നതെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ഗോതമ്പ് നല്‍കുന്നത് നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജനങ്ങള്‍ പറയുന്നു. മറ്റ് അവശ്യ സാധനങ്ങളുടെ വിലയും പാകിസ്താനില്‍ കുതിച്ചുയരുകയാണ്. മണിക്കൂറുകളോളം ക്യൂവില്‍ നിന്നാണ് ആളുകള്‍ ധാന്യങ്ങള്‍ വാങ്ങുന്നത്. ഗോതമ്പ് കൊണ്ടുപോകുന്ന ട്രക്കുകളെ അനിയന്ത്രിതമായ ജനക്കൂട്ടത്തിൽ നിന്ന് സംരക്ഷിക്കാന്‍ സായുധരായ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്.



TAGS :

Next Story