ഗോതമ്പ് മാവ് വാങ്ങാൻ ട്രക്കിനു മുകളിൽ വലിഞ്ഞുകയറി ജനങ്ങള്‍, തിക്കും തിരക്കും; പാകിസ്താനിലെ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത വെളിപ്പെടുത്തി വീഡിയോ
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബ് പ്രവിശ്യകളില്‍ തിരക്കിൽപ്പെട്ട് സ്ത്രീകളടക്കം 11 പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. വിലക്കയറ്റം മൂലം കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തിന്റെ പലഭാഗത്തും അനുഭവപ്പെടുന്നത്. ഇപ്പോഴിതാ പാകിസ്താനിലെ ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത വെളിപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. സർക്കാർ സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച ഗോതമ്പ് മാവുമായെത്തിയ ട്രക്കിന് മുകളിൽ വലിഞ്ഞുകയറാനുള്ള തിക്കും തിരക്കുമാണ് വീഡിയോയിൽ കാണുന്നത്.
കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ മറികടക്കാനാണ് പാക് സർക്കാർ പാവപ്പെട്ടവർക്ക് സൗജന്യ മാവ് വിതരണം ചെയ്യാൻ തീരുമാനിച്ചത്. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ മാവ് വാങ്ങുന്നതിനിടെ തിരക്കിൽപ്പെട്ട് സ്ത്രീകളടക്കം 11 പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ദക്ഷിണ പഞ്ചാബിലെ സഹിവാൾ, ബഹവൽപൂർ, മുസാഫർഗഡ്, ഒകാര എന്നീ നാല് ജില്ലകളിൽ സൗജന്യമായി മാവുകൾ വിതരണം ചെയ്യുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചൊവ്വാഴ്ച രണ്ട് വയോധികകളും ഒരു പുരുഷനും മരിച്ചിരുന്നു. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫസൈലാബാദ്, ജെഹാനിയൻ, മുളട്ടാൻ എന്നിവിടങ്ങളും മരണങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഈ സംഭവങ്ങളെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിക്കുകയും നിരപരാധികളുടെ മരണത്തിന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവാദികളാണെന്നും ആരോപിച്ചു. 'കള്ളന്മാരുടെ സർക്കാർ' ജനങ്ങളുടെ ജീവിതം വളരെ ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ഖാൻ പറഞ്ഞു.
Adjust Story Font
16