യുഎസിൽ വീണ്ടും അജ്ഞാത ബലൂൺ കണ്ടതായി റിപ്പോർട്ട്
ഈ മാസമാദ്യം ഇത്തരത്തിൽ കണ്ട ബലൂൺ യുഎസ് സൈന്യം വെടിവെച്ചിട്ടിരുന്നു
ഹോണോലുലു: യുഎസിൽ വീണ്ടും അജ്ഞാത ബലൂൺ സാന്നിധ്യമെന്ന് റിപ്പോർട്ട്. ഹവായിയിൽ സമുദ്രനിരപ്പിൽ നിന്നും 50,000 അടി മുകളിലായി വെള്ള നിറത്തിലുള്ള ബലൂൺ ഒഴുകി നടക്കുന്നത് കണ്ടതായി പൈലറ്റുമാർ അറിയിച്ചു.
ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവിൽ നിന്ന് 600 മൈൽ മാറി പസഫിക് സമുദ്രത്തിന് മുകളിലായി ബലൂണിന്റെ സാന്നിധ്യം ഓക് ലാൻഡ് ഓഷ്യാനിക് എയർ ട്രാഫിക് കൺട്രോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബലൂണിന്റെ ചിത്രമടക്കം ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.
ഈ മാസമാദ്യം ഇത്തരത്തിൽ കണ്ട ബലൂണുകൾ യുഎസ് സൈന്യം വെടിവെച്ചിട്ടിരുന്നു. ചൈന അയച്ച ചാര ബലൂണുകളാണിവയെന്നാണ് അമേരിക്കയുടെ വാദം. യു.എസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റന്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ ദിശതെറ്റി അമേരിക്കയുടെ വ്യോമ പരിധിയിലെത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.
മൂന്ന് വിമാനത്താവളങ്ങൾ അടച്ചായിരുന്നു ബലൂൺ വെടിവച്ചിട്ടത്. യുദ്ധവിമാനത്തിലെ മിസൈൽ ഉപയോഗിച്ച് നടത്തിയ തകർക്കലിന് ശേഷം ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിച്ചു.
Adjust Story Font
16