Quantcast

'ഞങ്ങൾ ചിലന്തിവല പോലെയാണെന്ന് ശത്രുക്കൾ കരുതി'; ഹിസ്ബുല്ല ആസ്ഥാനത്തിനെതിരായ ആക്രമണത്തിന് പിന്നാലെ നെതന്യാഹു

അവർ എന്ത് ചിലന്തിവലയെക്കുറിച്ചാണ് സംസാരിക്കുന്നത്?

MediaOne Logo

Web Desk

  • Published:

    28 Sep 2024 5:45 AM GMT

Netanyahu
X

ജറുസലെം: തങ്ങള്‍ ചിലന്തിവല പോലെയാണെന്ന് ശത്രുക്കള്‍ കരുതിയതായും എന്നാല്‍ അവര്‍ ചിന്തിക്കുന്നതിനെക്കാള്‍ വലുതാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിന്​ സമീപം ഹിസ്​ബുല്ല ആസ്ഥാനത്തിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

"ഞങ്ങൾ ഒരു ചിലന്തിവല പോലെയാണെന്ന് ശത്രുക്കൾ കരുതി. അവരിൽ ഒരാൾ പറഞ്ഞിരുന്നത് അതാണ്. അവർ എന്ത് ചിലന്തിവലയെക്കുറിച്ചാണ് സംസാരിക്കുന്നത്? ഞങ്ങൾക്ക് ഉരുക്കിൻ്റെ അസ്ഥികളുണ്ട് - ഒപ്പം ഇച്ഛാശക്തിയും ശക്തിയും. "നെതന്യാഹുവിന്‍റെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രത്യക്ഷമാകാൻ വിധിക്കപ്പെട്ട ചിലന്തിവലയാണെന്ന് ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്റുല്ല ആവര്‍ത്തിച്ച് വിശേഷിപ്പിച്ചിരുന്നു. ''ഞങ്ങള്‍ നിലനില്‍പ്പിന് വേണ്ടി പോരാടുകയാണ്. അതില്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. ഇസ്രായേലിൻ്റെ വിജയത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'' നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുല്ലയുടെ മുഖ്യ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സേനാ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. വൻ പ്രഹരശേഷിയുള്ള ബോംബുകളാണ്​ ആക്രമണത്തിനായി ഉപയോഗിച്ചത്​. ബെയ്​റൂത്ത്​ ആക്രമണത്തിന്​ പിന്നാലെ ഇസ്രായേലിനു നേർക്ക്​ ഹിസ്​ബുല്ല വ്യാപക മിസൈൽ ആക്രമണം നടത്തി. മിസൈൽ പതിച്ച്​ ചില കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട്​. ബെയ്​റൂത്ത്​ ആക്രമണത്തെ ഇറാനും യെമനിലെ ഹൂതികളും അപലപിച്ചു. ആപൽക്കരമായ സാഹചര്യമാണ്​ രൂപപ്പെട്ടിരിക്കുന്നതെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​ പറഞ്ഞു. അതേസമയം ബെയ്​റൂത്ത്​ ആക്രമണത്തിൽ പങ്കി​ല്ലെന്ന്​ അമേരിക്ക വ്യക്തമാക്കി. ഹമാസും ഹിസ്ബുല്ലയും കീഴടങ്ങുന്നത് വരെ ​ആക്രമണം തുടരുമെന്ന് നെതന്യാഹു ന്യൂയോർക്കിലെ യു.എൻ പൊതുസഭയിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ​ ബെയ്​റൂത്ത്​ ആക്രമണം.


TAGS :

Next Story