Quantcast

മോദി കമലാ ഹാരിസിന് നല്‍കിയ ആ വിലപ്പെട്ട സമ്മാനം എന്തായിരുന്നു?

ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിദെ സുഗ എന്നിവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ സമ്മാനിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    24 Sep 2021 11:24 AM GMT

മോദി കമലാ ഹാരിസിന് നല്‍കിയ ആ വിലപ്പെട്ട സമ്മാനം എന്തായിരുന്നു?
X

അമേരിക്കയില്‍ ഔദ്യോഗിക പര്യടനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇതാദ്യമായി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തി.

കമല യുഎസ് വൈസ് പ്രസിഡന്റായതിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗികതലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇന്നലെ നടന്നത്. കോവിഡ് മുതല്‍, അഫ്ഗാന്‍ പ്രതിസന്ധി അടക്കമുള്ള നിരവധി ആഗോള രാഷ്ട്രീയവിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കുശേഷം രണ്ടു വിലപ്പെട്ട വസ്തുക്കള്‍ മോദി കമലയ്ക്ക് സമ്മാനിച്ചിരുന്നു. കൈകൊണ്ട് നിര്‍മിച്ച ചെസ് സെറ്റായിരുന്നു ഒന്ന്. എന്നാല്‍, രണ്ടാമത്തെ സമ്മാനമായിരുന്നു കമലയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്. മരം കൊണ്ട് ഫ്രെയിം ചെയ്ത ആ സമ്മാനം കമലയ്ക്ക് ഗൃഹാതുര സ്മരണയുണര്‍ത്തുന്നത് കൂടിയാണ്.

ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന കമലയുടെ മുത്തച്ഛന്‍ പിവി ഗോപാലനെക്കുറിച്ച് വന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പാണ് പ്രത്യേകമായി ഫ്രെയിം ചെയ്ത് കമലയ്ക്ക് സമ്മാനിച്ചത്. 1966ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഗസറ്റില്‍നിന്നുള്ള ഭാഗമായിരുന്നു ഇത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്താനായതില്‍ ഏറെ സന്തോഷം, അവരുടെ നേട്ടം ലോകത്തെ മൊത്തം പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം മോദി ട്വീറ്റ് ചെയ്തത്. ഇന്ത്യ-യുഎസ് സൗഹൃദം ശക്തിപ്പെടുത്താനുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും പ്രധാനമന്ത്രി സൂചിപ്പിച്ചു.

ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിദെ സുഗയ്ക്കും മോദി കാശിയില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ സമ്മാനിച്ചിട്ടുണ്ട്. മരത്തടയില്‍ നിര്‍മിച്ച കപ്പല്‍ മാതൃകയാണ് മോറിസന് നല്‍കിയതെങ്കില്‍ ചന്ദനത്തടിയില്‍ നിര്‍മിച്ച ബുദ്ധ പ്രതിമയായിരുന്നു സുഗയ്ക്ക് സമ്മാനിച്ചത്.

TAGS :

Next Story