കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ റെഡ്-ആർമി സ്മാരകങ്ങൾ പൊളിച്ചുനീക്കി പോളണ്ട്
'ഇത് നാണക്കേടിന്റെ സ്മാരകമാണ്. ഇരകളുടെ രാജ്യത്ത് വിജയികൾ സ്ഥാപിച്ച സ്മാരകമാണ്'- സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.
വാർസോ: പോളണ്ടിൽ കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ റെഡ് ആർമി സ്മാരകങ്ങൾ പൊളിച്ചുനീക്കി ഭരണകൂടം. നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 1945ലെ സോവിയറ്റ് റെഡ്- ആർമി അംഗങ്ങളുടെ സ്മാരകങ്ങളാണ് ബുൾഡോസറുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള റഷ്യൻ ആധിപത്യത്തിന്റെ പ്രതീകങ്ങൾ നീക്കം ചെയ്യുന്നതിന്റേയും അയൽരാജ്യമായ യുക്രൈയ്നിനെതിരായ യുദ്ധത്തെ അപലപിക്കുന്നതിന്റേയും ഭാഗമായാണ് പോളണ്ട് നടപടി.
ജെർമനിയിലെ നാസി സൈനികരുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട റെഡ് ആർമി പട്ടാളക്കാരുടെ ഓർമയ്ക്കായി സോവിയറ്റ് യൂണിയൻ നിർമിച്ച കോൺക്രീറ്റ് സ്തൂപങ്ങളുടെ രൂപത്തിലുള്ള സ്മാരകങ്ങളായിരുന്നു പൊളിച്ചുനീക്കിയവയിൽ ഭൂരിഭാഗവും.
സ്മാരകങ്ങൾ നീക്കം ചെയ്യണമന്ന് ആഹ്വാനം ചെയ്ത സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി കരോൾ നവ്‌റോക്കി, അവ പോളണ്ടുകാരെയും മറ്റ് രാജ്യങ്ങളെയും അടിമകളാക്കി കൊലപ്പെടുത്തുന്ന കുറ്റകരമായ ഒരു വ്യവസ്ഥയെയാണ് ഓർമപ്പെടുത്തുന്നതെന്നും പറഞ്ഞു.
"ഇത് നാണക്കേടിന്റെ സ്മാരകമാണ്. ഇരകളുടെ രാജ്യത്ത് വിജയികൾ സ്ഥാപിച്ച സ്മാരകമാണ്"- അദ്ദേഹം പറഞ്ഞു. 1945ൽ സോവിയറ്റുകൾ വിമോചനം കൊണ്ടുവന്നില്ല. അവർ മറ്റൊരു അടിമത്തമാണ് കൊണ്ടുവന്നത്. അവർ പോളണ്ട് പിടിച്ചടക്കുകയും കൊള്ളയടിക്കുകയുമായിരുന്നു" നവ്‌റോക്കി വികാരഭരിതനായി ചൂണ്ടിക്കാട്ടി.
യുക്രൈയ്‌നിലെ സാധാരണക്കാരെ കൊല്ലുന്ന റഷ്യൻ ഫെഡറേഷനിൽ ഇപ്പോഴും ആ സംവിധാനത്തിന്റെ ആത്മാവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പോലും സോവിയറ്റ് സൈന്യത്തിന്റെ സ്മാരകങ്ങൾ നീക്കം ചെയ്യുന്നവരെ റഷ്യ പ്രോസിക്യൂട്ട് ചെയ്യുകയും മൂന്ന് വർഷം വരെ തടവ് വിധിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1989ൽ കമ്യൂണിസ്റ്റ് ഭരണം ഉപേക്ഷിച്ചത് മുതൽ പോളണ്ട് റഷ്യയുടെ മുൻകാല ആധിപത്യത്തിന്റെ പ്രതീകങ്ങൾ പൊതു ഇടത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സ്മാരകങ്ങളും ഫലകങ്ങളും എടുത്തുകളഞ്ഞ ഭരണകൂടം അവയിൽ ചിലത് പ്രത്യേക ഇടത്തേക്ക് മാറ്റി. അതേസമയം, പഴയ സെമിത്തേരികൾ പൊളിക്കൽ യജ്ഞത്തിൽ ഉൾപ്പെടുന്നില്ല.
രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും റഷ്യയ്‌ക്കെതിരായ യുക്രൈയ്‌നിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് പോളണ്ട്. 1939 സെപ്തംബർ 17നാണ് സോവിയറ്റ് യൂണിയൻ കിഴക്ക് നിന്ന് പോളണ്ടിനെ ആക്രമിച്ചത്. തുടർന്നാണ് ആ രാജ്യത്ത് സോവിയറ്റ് ഭരണകൂടം നാസി ജർമനി കൊലപ്പെടുത്തിയ തങ്ങളുടെ റെഡ്- ആർമി പട്ടാളക്കാരുടെ സ്മാരകങ്ങൾ നിർമിച്ചത്.
Adjust Story Font
16