പ്രഭാതഭക്ഷണത്തിന്‍റെ പേരില്‍ അധിക തുക കൈപ്പറ്റി; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം
പ്രതിമാസം 300 യൂറോ (26,422 രൂപ)യാണ് പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണ ബില്ലെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് വിവാദം ഉടലെടുത്തത്.
പ്രഭാതഭക്ഷണത്തെചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിന്‍ലാന്‍ഡ് പൊലീസ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ഖ്യാതി സ്വന്തമാക്കിയ സന മാരിനെതിരെയാണ് അന്വേഷണം. പ്രതിമാസം 300 യൂറോ (26,422 രൂപ)യാണ് പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണ ബില്ലെന്ന് രാജ്യത്തെ ഒരു ടാബ്ലോയ്ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയും പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
അതേസമയം, തന്‍റെ മുന്‍ഗാമികളും ഇതേ ആനുകൂല്യം പറ്റിയിട്ടുണ്ടെന്നാണ് സന മാരിൻ നല്‍കുന്ന വിശദീകരണം. പ്രധാനമന്ത്രി എന്ന നിലയില്‍ ഈ ആനുകൂല്യം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആരോപണം ഉയര്‍ന്നതോടെ ആനുകൂല്യം കൈപ്പറ്റുന്നത് നിര്‍ത്തിയെന്നും അവർ ട്വീറ്റ് ചെയ്തു.
ജനങ്ങളുടെ നികുതിപ്പണം പ്രധാനമന്ത്രിയുടെ പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നത് ഫിന്‍ലാന്‍ഡിലെ നിയമങ്ങള്‍ക്കെതിരാണെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. സന മാരിൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്നകാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.
Adjust Story Font
16