ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകൾ ചോർത്താനും പെഗാസസ് ഉപയോഗിച്ചു
ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനും ചാരവൃത്തിക്കിരയായ പ്രമുഖരിൽ ഉൾപ്പെടും
ഇസ്രായേലിലെ പ്രമുഖരുടെ ഫോണുകളും പെഗാസസ് ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകനും ഫോൺചോർത്തലിനിരയായ പ്രമുഖരിൽ ഉൾപ്പെടും. പ്രമുഖ സാമൂഹിക പ്രവർത്തകർ, മുതിർന്ന സർക്കാർ വൃത്തങ്ങൾ തുടങ്ങിയവരുടെ ഫോണുകളും പൊലീസ് ചോർത്തിയിട്ടുണ്ടെന്ന് ഇസ്രായേൽ ബിസിനസ് മാധ്യമമായ കാൽകാലിസ്റ്റ് റിപ്പോർട്ട് ചെയ്തു.
നേരത്തെ നെതന്യാഹുവിനെതിരായ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ പ്രമുഖരുടെ ഫോണുകളാണ് ഇസ്രായേൽ പൊലീസ് ചോർത്തിയതിൽ കൂടുതലും. കോടതിയുടെ അനുമതി കൂടാതെയായിരുന്നു പൊലീസ് നടപടി.
സംഭവത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് പൊതുസുരക്ഷാ മന്ത്രി ഒമെർ ബാർലെവിനോട് ആവശ്യപ്പെട്ടതായി പൊലീസ് കമ്മീഷണർ കോബി ശാബ്തായി പ്രതികരിച്ചു. ഒരു ജഡ്ജി അധ്യക്ഷനായുള്ള സ്വതന്ത്ര കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ നിർമിച്ച ചാരസോഫ്റ്റ്‌വെയറാണ് പെഗാസസ്. ഇന്ത്യയിലടക്കമുള്ള പ്രമുഖ രാഷ്ട്രീയ, സാമൂഹിക, മാധ്യമ വ്യക്തിത്വങ്ങൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചാരവൃത്തിക്കിരയായതായുള്ള വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് പെഗാസസ് അന്താരാഷ്ട്രതലത്തിൽ വാർത്തകളിൽ നിറഞ്ഞത്.
Summary: Israeli police used Pegasus spyware to hack phones of dozens of prominent Israelis, including a son of former premier Benjamin Netanyahu, activists and senior government officials
Adjust Story Font
16