ഇംറാൻ ഖാൻ രാഷ്ട്രീയ ഇന്നിംഗ്‌സ് തുടരുമോ? ; പാക് ദേശീയ അസംബ്ലിയിൽ അവിശ്വാസപ്രമേയ ചർച്ച ഇന്ന് തുടങ്ങും
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഏപ്രിൽ മൂന്നിനാണ് വോട്ടെടുപ്പ്
പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാനും പ്രധാനമന്ത്രിയുമായ ഇംറാൻ ഖാന്റെ സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലുള്ള ചർച്ച ഇന്ന് പാക് ദേശീയ അസംബ്ലിയിൽ നടക്കും. ഇമ്രാൻ സർക്കാരിലെ പ്രധാന സഖ്യകക്ഷി മുത്തഹിദ ഖൗമി മൂവ്മെന്റ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കേ വൻ വെല്ലുവിളിയാണ് പാകിസ്താന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത മുൻ ക്യാപ്റ്റനും സംഘവും രാഷ്ട്രീയ ഇന്നിംഗ്‌സിൽ നേരിടുന്നത്. സ്വന്തം ടീമിനകത്ത് നിന്നുള്ള കാലുവാരൽ വേറെയും നേരിടുന്നുണ്ട്.
അവിശ്വാസപ്രമേയത്തിലുള്ള ചർച്ച ഇന്ന് ആരംഭിക്കവേ ഇംറാൻ സർക്കാരിന് അധികാരം നിലനിർത്താനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാണ്. സർക്കാരിലെ പ്രധാന സഖ്യകക്ഷിയായ മുത്തഹിദ ഖൗമി മൂവ്മെന്റ് ഇന്നലെ പ്രതിപക്ഷത്തോടൊപ്പെം ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ നാഷണൽ അസംബ്ലിയിലെ അംഗങ്ങളുടെ പിന്തുണയിൽ ഇംറാൻ വളരെ പിന്നിലാണ്. ഇംറാൻ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മന്ത്രി ശൈഖ് റാഷിദ് അറിയിച്ചിരുന്നെങ്കിലും പിന്നീടത് റദ്ദാക്കി. അതിനാൽ തന്നെ ഇംറാൻ ഇന്ന് എന്ത് നിലപാടെടുക്കുമെന്നതിനെപറ്റി വ്യക്തതയില്ല. ഇംറാനെ വധിക്കാൻ ഗൂഡാലോചന നടന്നതായും പ്രധാനമന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും ജലമന്ത്രി ഫൈസൽ വവാദ പറഞ്ഞിരുന്നു. അതിനിടെ തന്നെ പുറത്താക്കണമെന്ന് ചൂണ്ടിക്കാട്ടി വന്ന ഭീഷണി കത്ത് ഇംറാൻ മന്ത്രിസഭയിലെ ചിലരെ കാണിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദിൽ നടത്തിയ റാലിയിലാണ് മറ്റൊരു രാജ്യത്ത് നിന്ന് ഭീഷണിക്കത്ത് വന്നതായി ഇംറാൻ പറഞ്ഞത്. ഇംറാൻ കത്ത് ജനങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ചർച്ചയ്ക്ക് ശേഷം അവിശ്വാസപ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് ഏപ്രിൽ മൂന്നിനാണ്. ഇമ്രാന്‍റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിയിലെ 24 വിമതരും ഇമ്രാനെ പിന്തുണക്കുന്ന മൂന്ന് ചെറുകക്ഷികളും പ്രതിപക്ഷത്തോടൊപ്പമാണ്. കൂറുമാറിയവരെ അയോഗ്യരാക്കിയില്ലെങ്കിൽ വോട്ടെടുപ്പിൽ ഇമ്രാൻ വീഴുമെന്നുറപ്പാണ്. കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് ഇമ്രാൻ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
2018ൽ അധികാരമേറ്റതിനു ശേഷം ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ് ഇമ്രാന്‍ ഖാന്‍. സാമ്പത്തിക കെടുകാര്യസ്ഥതയും വിദേശനയത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് എതിരാളികള്‍ ഇമ്രാനെതിരെ നീക്കം തുടങ്ങിയത്. സ്വന്തം പാര്‍ട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് അംഗങ്ങളെയും ചില ചെറു പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനാണ് ഇമ്രാന്‍ ഖാന്‍റെ ശ്രമം. അതിനിടെ ഇമ്രാന്‍ ഖാന്‍ രാജി വെയ്ക്കുമെന്ന അഭ്യൂഹം സജീവമായിരുന്നു. പാക് സൈനിക മേധാവിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തി.
അവിശ്വാസത്തിന് അവതരണാനുമതി ലഭിച്ചതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ വൻ പ്രകടനമാണ് ഇസ്‍ലാമാബാദിൽ നടന്നത്. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസിന്റെയും പഞ്ചാബ് പ്രവിശ്യ പ്രതിപക്ഷ നേതാവ് ഹംസ ഷഹ്‍ബാസിന്റേയും നേതൃത്വത്തിൽ മാർച്ച് 26ന് ലാഹോറിൽ നിന്നാരംഭിച്ച പദയാത്ര ഇസ്‍ലാമാബാദിൽ എത്തി. അവിശ്വാസപ്രമേയം ദേശീയ അസംബ്ലിയിൽ വോട്ടിനിടുമ്പോൾ ഭൂരിപക്ഷത്തിന് വേണ്ട 172 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കാൻ ഇമ്രാനെ വെല്ലുവിളിക്കുന്നതായി പൊതുയോഗത്തിൽ മറിയം നവാസ് പറഞ്ഞു.155 സീറ്റുകൾ മാത്രമുള്ള ഇമ്രാന്റെ തെഹ്‍രികെ ഇൻസാഫ് പാർട്ടി സഖ്യകക്ഷികളുടെ കൂടി സഹായത്തോടെയാണ് ഭരണം നിലനിർത്തുന്നത്. ഈ വെല്ലുവിളിയെ ഏതുവിധേനയും മറികടന്ന് ഭരണത്തിൽ തുടരാനാണ് ഇമ്രാൻ ഖാന്‍റെ ശ്രമം. രാജിവെക്കില്ലെന്നും അന്താരാഷ്‍ട്ര പിന്തുണയോടെയുള്ള പ്രതിപക്ഷ ഗൂഢാലോചനയ്‍ക്ക് വഴങ്ങില്ലെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ വ്യക്തമാക്കിയിരുന്നു.
ഏറെ കാലത്തെ തർക്കത്തിനൊടുവിലാണ് പാക് ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി നൽകിയത്. പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫാണ് പ്രമേയം അവതരിപ്പിച്ചത്. അവതരണം കഴിഞ്ഞ ഉടനെ ഈ മാസം 31 വരെ സഭ നിർത്തിവെക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
Political innings: Will Imran Khan continue? ; The no-confidence motion in the Pakistan National Assembly will begin today
Adjust Story Font
16