'ലോകത്തെ ഞെട്ടിച്ച കൂട്ടക്കുഴിമാടങ്ങൾ'; 'സാംസ്‌കാരിക വംശഹത്യ'യ്ക്ക് മാപ്പുപറയാൻ മാർപാപ്പ കാനഡയിൽ
1800നും 1990കൾക്കും ഇടയിലാണ് കാനഡയിലെ കത്തോലിക്കാ സ്കൂളുകളില്‍ 1,50,000ത്തോളം കുട്ടികളെ ബന്ധുക്കളിൽനിന്നെല്ലാം വേര്‍പ്പിരിച്ച് ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്
ഒട്ടാവ: കത്തോലിക്കാ സഭയുടെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ നടന്ന ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ കൂട്ട പീഡനത്തിൽ പരസ്യമായി മാപ്പുപറയാൻ ഫ്രാൻസിസ് മാർപാപ്പ കാനഡയിലേക്ക്. 'പശ്ചാത്താപത്തിന്റെ തീർത്ഥാടനം' എന്നു പേരിട്ടിരിക്കുന്ന പര്യടനത്തിനെത്തുന്ന മാർപാപ്പയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എഡ്‌മോന്റൻസ് രാജ്യാന്തര വിമാനത്താവളത്തിലെത്തി സ്വീകരിക്കും.
1800നും 1990കൾക്കും ഇടയിലാണ് 1,50,000ത്തോളം കുട്ടികളെ ബന്ധുക്കളിൽനിന്നെല്ലാം വേര്‍പ്പിരിച്ച് കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സ്‌കൂളുകളിൽ പാർപ്പിച്ചത്. ഇത്തരത്തിലുള്ള 139 റെസിഡൻഷ്യൽ സ്‌കൂളുകളിൽ ലൈംഗികമായും ശാരീരികമായുമുള്ള പീഡനമാണ് കുട്ടികൾ നേരിട്ടത്. കുട്ടികളെ തങ്ങളുടെ കുടുംബ, സാംസ്‌കാരിക, ഭാഷാ ബന്ധങ്ങളിൽനിന്നെല്ലാം മാറ്റിനിർത്തിയായിരുന്നു സ്‌കൂളിൽ കൊടിയ പീഡനം നടന്നത്.
അസുഖങ്ങളും പോഷകക്കുറവുമെല്ലാമായി പതിനായിരക്കണക്കിനു കുട്ടികളാണ് മരണമടഞ്ഞത്. ഇവരുടെ കൂട്ടക്കുഴിമാടങ്ങൾ അടുത്തിടെ പുറത്തെത്തിയതോടെയാണ് പതിറ്റാണ്ടുകളായി മൂടിവയ്ക്കപ്പെട്ട കൊടുംക്രൂരതയുടെ രഹസ്യങ്ങൾ പുറംലോകമറിയുന്നത്. കാനഡയിലെ ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ കമ്മിഷൻ ആണ് ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. 'സാംസ്‌കാരിക വംശഹത്യ' എന്നാണ് കമ്മീഷൻ സംഭവത്തെ വിശേഷിപ്പിച്ചത്.
സംഭവത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് മാർപാപ്പ രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ കുട്ടികളുടെ പിന്മുറക്കാർ വത്തിക്കാനിൽ നടത്തിയ സന്ദർശനത്തിലായിരുന്നു ഇവരോട് മാർപാപ്പ കത്തോലിക്കാ സഭയ്ക്കു വേണ്ടി മാപ്പുപറഞ്ഞത്. ഇപ്പോൾ കാനഡയിൽ നേരിട്ടെത്തി പരസ്യമാപ്പ് നടത്തുകയാണ് അദ്ദേഹം. എന്നാൽ, വെറും മാപ്പിൽ കാര്യങ്ങളൊതുങ്ങില്ലെന്നാണ് ഇരകളും കുടുംബങ്ങളും പറയുന്നത്. സാമ്പത്തികമായ നഷ്ടപരിഹാരം, പീഡകന്മാർക്കെതിരെ നടപടി, സ്‌കൂൾ രേഖകൾ വിട്ടുനൽകൽ തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉയർത്തുന്നുണ്ട്.
Summary: Pope Francis visits Canada on what he has called a "pilgrimage of penance" to apologize for the abuse of indigenous children in the Catholic-run residential schools
Adjust Story Font
16