'സ്ഥാനമേറ്റപ്പോഴേ രാജിക്കത്ത് നൽകിയിരുന്നു'; ഫ്രാൻസിസ് മാർപ്പാപ്പ
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കർദിനാൾ ടാർസീഷ്യോ ബെർടോണിനാണ് കത്ത് നൽകിയതെന്നാണ് മാർപ്പാപ്പ അറിയിച്ചിരിക്കുന്നത്
വത്തിക്കാൻ; മാർപ്പാപ്പ ആയി സ്ഥാനമേറ്റപ്പോഴേ രാജിക്കത്ത് നൽകിയിരുന്നുവെന്ന് പോപ് ഫ്രാൻസിസ്. ആരോഗ്യനിലയിലുള്ള പ്രശ്‌നങ്ങൾ മൂലം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയാൽ രാജി സ്വീകരിക്കണം എന്ന് കാട്ടി കത്ത് നൽകിയിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിൽ മാർപ്പാപ്പയുടെ വെളിപ്പെടുത്തൽ.
മാർപ്പാപ്പയായി സ്ഥാനമേൽക്കുന്ന 2013ൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കർദിനാൾ ടാർസീഷ്യോ ബെർടോണിനാണ് കത്ത് നൽകിയതെന്നാണ് മാർപ്പാപ്പ അറിയിച്ചിരിക്കുന്നത്. ഇത് ഇപ്പോഴത്തെ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേട്രോ പരോളിന് കൈമാറിയെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ശനിയാഴ്ചയായിരുന്നു മാർപ്പാപ്പയുടെ 86ാം പിറന്നാളാഘോഷം. 2021ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഊന്നു വടി ഉപയോഗിച്ചാണ് മാർപ്പാപ്പയുടെ നടത്തം. അപ്രതീക്ഷിതമായി ആരോഗ്യം മോശമാവുന്ന അവസ്ഥയുണ്ടായാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിനാണ് രാജിക്കത്ത് നേരത്തേ തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്ന് മാർപ്പാപ്പ ഉത്തരം നൽകിയത്.
കഴിഞ്ഞ 600 വർഷത്തിനിടെ കത്തോലിക്ക സഭയിൽ നിന്ന് പോപ് ബെനഡിക്ട് പതിനാറാമൻ മാത്രമേ സ്ഥാനത്യാഗം ചെയ്തിട്ടുള്ളൂ. ഇദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് ഫ്രാൻസിസ് മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെടുന്നത്. സൗത്ത് അമേരിക്കയിൽ നിന്ന് പോപ് പദത്തിലേക്കെത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
Adjust Story Font
16