കനത്ത പിഴ! ഓഫീസ് സമയത്തിനുശേഷം ജീവനക്കാരെ വിളിച്ചാൽ ഇനി പണികിട്ടും
വർക്ക് ഫ്രം ഹോം സംവിധാനം കാരണം തൊഴിലാളികൾക്ക് വരുന്ന അധിക ചെലവും കമ്പനി നൽകണമെന്ന് പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് അടക്കമുള്ള അധിക ചെലവിന് കമ്പനി പണം നൽകേണ്ടിവരും
ഓഫീസ് സമയം കഴിഞ്ഞിട്ടും ഫോൺ ചെയ്തും ടെക്‌സ്റ്റ് ചെയ്തും ശല്യപ്പെടുത്തുന്ന ബോസ് നിങ്ങൾക്കുണ്ടോ? എങ്കിൽ പോർച്ചുഗലിലേക്ക് കൂടുമാറുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ഫോണിലും മറ്റു മാര്‍ഗങ്ങളിലു ബന്ധപ്പെടുന്നത് വിലക്കി പോർച്ചുഗൽ പാർലമെന്റ് ഒരു നിയമം പാസാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം.
കോവിഡിനെത്തുടർന്ന് 'വർക്ക് ഫ്രം ഹോം' സംവിധാനം ലോകവ്യാപകമായി സാർവത്രികമായിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വീട്ടിലിരുന്നു തന്നെ കൃത്യമായ ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയുമുണ്ട്. ഇത് തൊഴിലാളികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കങ്ങൾക്കും സമ്മര്‍ദങ്ങള്‍ക്കുമിടയാക്കുന്നതായുള്ള വാർത്തകൾക്കിടെയാണ് പോർച്ചുഗൽ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്.
പുതിയ ജോലി സാഹചര്യങ്ങളുടെ പിരിമുറുക്കങ്ങളൊഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർച്ചുഗലിലെ സോഷ്യലിസ്റ്റ് പാർട്ടി പുതിയ തൊഴിൽ നിയമങ്ങൾ അവതരിപ്പിച്ചത്. ഇനിമുതൽ ജോലി സമയം കഴിഞ്ഞ് മേലധികാരി കീഴുദ്യോഗസ്ഥരെ വിളിച്ചാൽ കനത്ത പിഴയടക്കേണ്ടിവരും. ഇതോടൊപ്പം വർക്ക് ഫ്രം ഹോം സംവിധാനം കാരണം തൊഴിലാളികൾക്ക് വരുന്ന അധിക ചെലവും കമ്പനി നൽകണമെന്ന് പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്. വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് അടക്കമുള്ള അധിക ചെലവിന് കമ്പനി പണം നൽകേണ്ടിവരും.
വീട്ടിലിരിക്കെ ജീവനക്കാരുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുകയും മറ്റു ജീവനക്കാർക്കൊപ്പം ഓൺലൈനായി മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതും പുതിയ നിയമത്തിൽ വിലക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങളുള്ള ജീവനക്കാർക്ക് മക്കൾക്ക് എട്ടു വയസാകുന്നതുവരെ വീട്ടിൽനിന്നു തന്നെ ജോലിയെടുക്കാനുള്ള നിയമപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് കമ്പനിയുടെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ, പുതിയ നിയമങ്ങൾ പൂർണമായി പാർലമെന്റ് അംഗീകരിച്ചിട്ടില്ല.
Summary: Portuguese parliament has passed a law banning bosses to call employees after work
Adjust Story Font
16