പ്രവാസി ലീഗല്‍ സെല്‍ യുകെ ചാപ്റ്റര്‍ ഉദ്ഘാടനം നാളെ
ലണ്ടന്‍ 41 ഫിറ്റ് സ്രോയി സ്ക്വയര്‍ ഇന്ത്യന്‍ വൈഎംസിഎയില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും
ലണ്ടന്‍ : പ്രവാസി മലയാളികള്‍ക്കു സൗജന്യ നിയമ സഹായം എത്തിക്കുന്നതിലൂടെ ശ്രദ്ധേയമായ സംഘടന പ്രവാസി ലീഗല്‍ സെല്ലിന്‍റെ(പിഎല്‍സി) യുകെ ചാപ്റ്റര്‍ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ലണ്ടന്‍ 41 ഫിറ്റ് സ്രോയി സ്ക്വയര്‍ ഇന്ത്യന്‍ വൈഎംസിഎയില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥികളായി മേയര്‍ എമിററ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ, ക്രോയ്ഡണ്‍ മുന്‍ മേയറും കൗണ്‍സിലറുമായ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുക്കും. പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്‍റും സുപ്രിം കോടതി അഭിഭാഷകനുമായ ജോസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. അഭിഭാഷക സോണിയ സണ്ണി, ഹോള്‍ബോണ്‍ ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കേരളത്തില്‍ നിന്നുള്ള ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായി 400ല്‍ ഏറെ ഉദ്യോഗാര്‍ഥികള്‍ യുകെയില്‍ എത്തി ദുരിതം അനുഭവിക്കുന്ന വിവരം യുകെ, കേരള, ഭാരത സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ക്രിയാത്മക ഇടപെടല്‍ നടത്തിയ അഭിഭാഷകയാണ് സോണിയ സണ്ണി. ഇതേ തുടര്‍ന്നാണ് യുകെ ചാപ്റ്റര്‍ രൂപീകരണം എന്ന ആശയത്തിലേയ്ക്ക് എത്തുന്നതും ഗ്ലോബല്‍ പ്രസിഡന്‍റ് ജോസ് ഏബ്രഹാമുമായി വിവരം പങ്കുവയ്ക്കുന്നതും. അദ്ദേഹത്തിന്‍റെ പിന്തുണയില്‍ യുകെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉന്നതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേരള സര്‍ക്കാരും വിസ തട്ടിപ്പ് വിഷയത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി.
യുകെയില്‍ വിസ തട്ടിപ്പ് ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ നിയമപരമായും അല്ലാതെയും സഹായം ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പിഎല്‍സി യുകെ ചാപ്റ്റര്‍ രൂപീകരിക്കുന്നതെന്ന് സോണിയ സണ്ണി പറഞ്ഞു. ചാപ്റ്റര്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുരക്ഷിത കുടിയേറ്റം ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും എന്ന വിഷയത്തില്‍ പ്രത്യേക ലൈവ് സെഷന്‍ സംഘടിപ്പിക്കുന്നുണ്ട്. കെ.എസ്. ശ്രീകുമാര്‍ ഇതിനു നേതൃത്വം നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ഇതില്‍ ഓണ്‍ലൈനായി പങ്കെടുക്കാനും അവസരമുണ്ട്.
Adjust Story Font
16