Quantcast

പ്രസിഡന്റ് സ്ഥാനമൊഴിയണം; ശ്രീലങ്കൻ സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ

രാജപക്സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ ശക്തമായതോടെ അദ്ദേഹത്തിന്റെ ഓഫീസിനു ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    16 April 2022 2:21 PM

Published:

16 April 2022 12:36 PM

പ്രസിഡന്റ് സ്ഥാനമൊഴിയണം; ശ്രീലങ്കൻ സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ
X

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ലോകകപ്പ് ജേതാവായ ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ അർജുന രണതുംഗയും സഹ മുൻ ക്യാപ്റ്റൻ സനത് ജയസൂര്യയും. തെരുവിലിറങ്ങിയായിരുന്നു ഇരുവരുടെയും പ്രതിഷേധം. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും ഇരു താരങ്ങളും രംഗത്തെത്തിയത്.

പ്രസിഡന്റ് ഗോതബായ രാജപക്സെയെ പുറത്താക്കുന്നതിന് മറ്റു ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളും പ്രതിഷേധവുമായി രംഗത്തു വരണമെന്ന് രണതുംഗ ആവശ്യപ്പെട്ടു. 1948 ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. അവശ്യ സാധനങ്ങളുടെ ക്ഷാമം സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ ആരാധകർ ഇന്ന് തെരുവിലാണ്, കാരണം അവർക്ക് ഇനി ബുദ്ധിമുട്ടുകൾ സഹിക്കാൻ കഴിയില്ല. ഞങ്ങളുടെ ആരാധകർക്ക് ഞങ്ങളെ ആവശ്യമുള്ളപ്പോൾ അവരോടൊപ്പം ഉണ്ടായിരിക്കണം. മറ്റു കായിക താരങ്ങൾ പ്രതിഷേധത്തിൽ പങ്കുചേരണം, അർജുന രണതുംഗ പറഞ്ഞു.

രണതുംഗയ്ക്ക് പിന്നാലെയാണ് സനത് ജയസൂര്യ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. 'നിങ്ങളുടെ സന്ദേശം ഉച്ചത്തിലുള്ളതും വ്യക്തവുമാണ്, ഭരണകൂടം നമ്മുക്കെല്ലാവർക്കും ശോഭനമായ ഭാവി ഉറപ്പാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', പ്രതിഷേധക്കാരോട് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേല ജയവർധന സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചു. മുൻ ടെസ്റ്റ് കളിക്കാരനും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ മാച്ച് റഫറിയുമായ റോഷൻ മഹാനാമ സർക്കർ വിരുദ്ധ പ്രതിഷേധങ്ങളെ തുടക്കം മുതലെ പിന്തുണച്ചിരുന്നു. രാജ്യത്തിന്റെ ദുരവസ്ഥയെ റോബർട്ട് മുഗാബെയുടെ സിംബാബ്വെയുമായി അദ്ദേഹം താരതമ്യം ചെയ്തു.

'വർഷങ്ങൾക്കുമുമ്പ് ഞാൻ സിംബാബ്വെയിലേക്ക് പോകുമ്പോൾ, അവിടെ ആളുകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞാൻ കണ്ടു, എന്റെ ഡ്രൈവർക്ക് ഡീസൽ എടുക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു, എന്റെ നാട്ടിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ഞാൻ കരുതി, റോഷൻ മഹാനാമ വ്യക്തമാക്കി. രാജപക്സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ ശക്തമായതോടെ അദ്ദേഹത്തിന്റെ ഓഫീസിനു ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമെന്ന് തന്നെയാണ് ഔദ്യോഗിക വൃത്തങ്ങളും വിലയിരുത്തുന്നത്. അതേസമയം ശ്രീലങ്ക ഇപ്പോൾ ഇന്ധനത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. അവശ്യവസ്തുക്കൾ വാങ്ങാനായി വിദേശ നാണ്യം സംഭാവന ചെയ്യാൻ വിദേശത്തുള്ള തങ്ങളുടെ പൗരന്മാരോട് ശ്രീലങ്കൻ സർക്കാർ അഭ്യർത്ഥിച്ചു.

TAGS :

Next Story