Quantcast

കിലോ അരിക്കു വില 448 രൂപ, പാലിന് 263, പെട്രോൾ ലിറ്ററിന് 283- പണപ്പെരുപ്പവും വിലക്കയറ്റവും; ശ്രീലങ്കയിൽ ആളിക്കത്തി പ്രതിഷേധം

പാചകവാതകക്ഷാമത്തെ തുടർന്ന് പലയിടത്തും ബേക്കറികളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    17 March 2022 10:48 AM GMT

കിലോ അരിക്കു വില 448 രൂപ, പാലിന് 263, പെട്രോൾ ലിറ്ററിന് 283- പണപ്പെരുപ്പവും വിലക്കയറ്റവും; ശ്രീലങ്കയിൽ ആളിക്കത്തി പ്രതിഷേധം
X

വിദേശ നാണയശേഖരം കാലിയായതോടെ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ ശ്രീലങ്കയിൽ കടുത്ത സാമ്പത്തി പ്രതിസന്ധി തുടരുന്നു. അവശ്യവസ്തുക്കളുടെ ക്ഷാമവും തീവിലയുമായി പ്രതിസന്ധിക്കിടെ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്താണ് പ്രതിസന്ധി?

ഇന്ധനം അടക്കം വിദേശത്തുനിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യാൻ ആവശ്യമായ വിദേശനാണയം കാലിയായതാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാനായി ഭരണകൂടം ശ്രീലങ്കൻ രൂപയുടെ മൂല്യം 37 ശതമാനംവരെ കുറച്ചു. ഇന്ന് ലങ്കൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 260 രൂപയായാണ് കുറഞ്ഞത്.

രാജ്യത്ത് പെട്രോൾ, ഡീസൽ വില റോക്കറ്റ് പോലെ ഉയർന്നു. ഇതുമൂലം ലങ്കയിലെ ഇന്ധന ഭീമന്മാരായ ലിട്രോ ഗ്യാസും ലോക്‌സ് ഗ്യാസുമെല്ലാം അടച്ചുപൂട്ടുന്ന സ്ഥിവരെയുണ്ടായി. ഇതിലേറെ രൂക്ഷമായത് നിത്യോപയോഗ വസ്തുക്കളുടെ വിലയിലുണ്ടായ വൻകുതിച്ചുചാട്ടമാണ്. യുദ്ധകാലത്ത് പോലും കാണാത്ത തരത്തിലാണ് വിലവർധനയുണ്ടായത്.

അരിക്കും പാലിനും തീവില

ഒരു കിലോ അരിക്ക് 448 ശ്രീലങ്കൻ രൂപയാണ് പുതിയ വില. ഏകദേശം 128 ഇന്ത്യൻ രൂപ വരുമിത്. പാൽവില ലിറ്ററിന് 263 ലങ്കൻ രൂപ!(ഏകദേശം 75 ഇന്ത്യൻ രൂപ). കുരുമുളകിന്റെ വില കേട്ടാൽ ഞെട്ടും; കിലോയ്ക്ക് 900 രൂപയാണ് പുതിയ വില!


അരിക്കും പാലിനും മാത്രമല്ല മുഴുവൻ നിത്യോപയോഗ വസ്തുക്കൾക്കും കുത്തനെ വിലകൂടി. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയിലെ ബേക്കറി അസോസിയേഷനായ ആൾ സിലോൺ ബേക്കറി ഓണേഴ്‌സ് അസോസിയേഷൻ ബ്രെഡ് വില കൂട്ടിയത്. ഒരു പാക്കറ്റ് ബ്രെഡിന് 130 വരെയാണ് പുതിയ വില. രാജ്യത്തെ പ്രമുഖ ഗോതമ്പ് ഇറക്കുമതിക്കാരാണ് പ്രൈമ. ഒരു കിലോ ഗോതമ്പിന് കമ്പനി 35 രൂപയാണ് കൂട്ടിയിരിക്കുന്നത്.

ഇന്ധനവിലയുടെ കാര്യം പറയുകയും വേണ്ട. ലിറ്ററിന് 283 ലങ്കൻ രൂപയാണ് പുതിയ പെട്രോൾ വില. ഡീസലിന് 176 രൂപയും. ഇന്ധനക്ഷാമം രൂക്ഷമായതോടെ പെട്രോൾ പമ്പുകളിലെല്ലാം നീണ്ടനിരയാണ്. മണിക്കൂറുകൾ കാത്തിരുന്നു കിട്ടുന്ന ഇന്ധനത്തിനു നൽകണം തീവില! ഇത്രയും വില മുടക്കി ഓടിക്കാനുള്ള പ്രയാസംമൂലം നിരവധി വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തിയിട്ടതു കാണാം. പൊതുഗതാഗത മാർഗമായി ആശ്രയിക്കുന്നത് ബസുകളാണ്. ബസ് നിരക്കും കൂട്ടുമെന്ന് അറിയിച്ചിരിക്കുകയാണ് ബസ് അസോസിയേഷനുകൾ. പാചകവാതക ക്ഷാമത്തെ തുടർന്ന് പലയിടത്തും ബേക്കറികളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടിത്തുടങ്ങി.

ആളിക്കത്തി പ്രതിഷേധം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭമാണ് രാജ്യത്ത് തുടരുന്നത്. പ്രതിപക്ഷം നയിക്കുന്ന പ്രക്ഷോഭമാണെന്നും പ്രതിസന്ധി എല്ലാവരെയും ശക്തമായി ബാധിച്ചതിനാൽ പാർട്ടി ആഭിമുഖ്യമില്ലാത്ത സാധാരണക്കാരെല്ലാം തെരുവിലിറങ്ങിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം തലസ്ഥാനമായ കൊളംബോയിലെ പ്രസിഡന്റിന്റെ സെക്രട്ടറിയേറ്റിലേക്ക് പ്രധാന പ്രതിപക്ഷ കക്ഷിയായ യുനൈറ്റഡ് പീപ്പിൾസ് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. പ്രസിഡന്റ് രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട സമരക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യവും മുഴക്കി. ഇതിനിടെ പ്രതീകാത്മകമായി കുന്തത്തിൽ ബ്രെഡ് കുത്തി ഒരു നാട്ടുകാരൻ നടത്തിയ പ്രതിഷേധം അന്താരാഷ്ട്രതലത്തിൽ തന്നെ വൻശ്രദ്ധ പിടിച്ചുപറ്റി.

സമൂഹമാധ്യമങ്ങളിലും സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുകയാണ്. #GohomeGota എന്ന ഹാഷ്ടാഗോടെയുള്ള കാംപയിൻ സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുകയാണ്. അതിനിടെ, പ്രസിഡൻര് ഗൊട്ടബയ രജപക്‌സെയ്ക്ക് പിന്തുണയുമായി മന്ത്രിമാരുടെ നേതൃത്വത്തിൽ #WearewithGota എന്ന ഹാഷ്ടാഗിൽ തിരിച്ചും കാംപയിൻ നടക്കുന്നുണ്ട്.

Summary: Prices of essential commodities rise following currency devaluation; Sri Lanka witness a strong of protests by the opposition and citizens

TAGS :

Next Story