പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 11 മില്യൺ ബാരൽ; സമ്പന്ന രാഷ്ട്രങ്ങൾ എണ്ണ വാങ്ങിയില്ലെങ്കിൽ റഷ്യ കുടുങ്ങുമോ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായ റഷ്യ 2021 ൽ 110 ബില്യൺ യുഎസ് ഡോളറിലേറെ തുകയാണ് എണ്ണ കയറ്റുമതി ചെയ്ത് നേടിയത്
പ്രതിദിനം 11 മില്യൺ ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യയെ കയറ്റുമതി കുറയുന്നത് സാരമായി തന്നെ ബാധിക്കും. കാരണം റഷ്യയുടെ ബജറ്റിൽ നിർണായക സ്ഥാനമാണ് എണ്ണ കയറ്റുമതിക്കുള്ളത്. 2021 ൽ 110 ബില്യൺ യുഎസ് ഡോളറിലേറെ തുകയാണ് എണ്ണ കയറ്റുമതി ചെയ്ത് റഷ്യ നേടിയത്. പ്രകൃതി വാതക വിപണനത്തിൽനിന്ന് ലഭിച്ചതിനേക്കാൾ ഇരട്ടിയാണിത്.
യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയത് മുതൽ ലോകത്തിലെ സാധാരണക്കാർ ഉറ്റുനോക്കുന്നത് എണ്ണവിപണിയിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദകരായ റഷ്യ പ്രതിദിനമുണ്ടാക്കുന്നത് 11 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ്. ഇതിൽ ഏകദേശം പകുതി എണ്ണ ഉപയോഗിക്കുന്നത് രാജ്യത്തിനകത്തെ ആവശ്യത്തിനാണ്. സൈനിക ആവശ്യത്തിനായി കൂടുതൽ ഇന്ധനം വേണ്ടതിനാൽ ഇതിലേറെ ഉപയോഗിക്കുന്നുണ്ട്. അതും കഴിഞ്ഞ ശേഷമുള്ള അഞ്ചു മുതൽ ആറു മില്യൺ ബാരൽ വരെ പ്രതിദിനം റഷ്യ കയറ്റിയയക്കുകയാണ്. യുഎസ്സാണ് ഏറ്റവും വലിയ ഉത്പാദകർ. സൗദി അറേബ്യയാണ് മൂന്നാമതുള്ളത്.
റഷ്യ പ്രതിദിനം കയറ്റി അയക്കുന്ന എണ്ണയിൽ 2.5 മില്യൺ ബാരൽ പോകുന്നത് ജർമനി, ഇറ്റലി, നെതർലാൻറ്, പോളണ്ട്, ഫിൻലാൻറ്, ലിത്വാനിയ, ഗ്രീസ്, റൊമാനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളിലേക്കാണ്.
ഇവയിൽ മൂന്നിലൊന്നും ബലറൂസിലെ ധ്രുഷ്ബ പൈപ്പ് ലൈൻ വഴിയാണ് യൂറോപ്പിലെത്തുന്നത്. പൈപ്പ് ലൈൻ വഴിയുള്ള ഈ ഏഴു ലക്ഷം ബാരലുകളുടെ പണം നൽകുന്നത് മുടങ്ങുകയോ ബലറൂസ് അതിർത്തിയിൽ അവ സ്വീകരിക്കപ്പെടാതിരിക്കുകയോ ചെയ്യാം. 2019 ൽ യൂറോപ്യൻ രാജ്യങ്ങൾ എണ്ണ സ്വീകരിക്കുന്നത് മാസങ്ങളോളം നിർത്തിയിരുന്നു. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തന തടസ്സപ്പെടുത്തുന്ന ഓർഗനിക് ക്ലോറൈഡുകൾ എണ്ണയിൽ അടങ്ങിയതിനാലായിരുന്നു ഈ നടപടി. ധ്രുഷ്ബ അതിർത്തിയിലൂടെയുള്ള എണ്ണ വിപണനം നിലച്ചതിനാൽ അന്ന് റഷ്യയുടെ വരുമാനം കുറഞ്ഞിരുന്നു. ഇതല്ലാതെ വിവിധ തുറമുഖങ്ങളിൽനിന്ന് കപ്പലുകളിലൂടെയാണ് റഷ്യയുടെ എണ്ണ കയറ്റുമതി നടക്കുന്നത്.
ചൈനയാണ് റഷ്യയിൽ നിന്ന് എണ്ണ കൂടുതൽ വാങ്ങുന്ന മറ്റൊരു കക്ഷി. 1.6 മില്യൺ ക്രൂഡ് ഓയിലാണ് പ്രതിദിനം അവർ വാങ്ങുന്നത്. ഇതിൽ പകുതിയും കിഴക്കൻ സൈബീരിയ പസഫിക് ഓഷ്യൻ പൈപ്പ്‌ലൈൻ വഴിയാണ് കൈമാറുന്നത്. ഈ പൈപ്പ് ലൈനിന്റെ അവസാനഭാഗത്ത് വെച്ച് ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് തുറമുഖം വഴിയും എണ്ണ നൽകുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ യുഎസ്സിനും യൂറോപ്യൻ രാജ്യങ്ങൾക്കും അവരുടെ ദേശീയ സ്ട്രാറ്റജിക് ശേഖരത്തിൽ നിന്ന് എണ്ണ വിൽപന വർധിപ്പിക്കാനാകും. നിലവിൽ യുഎസ് അവരുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിൽനിന്ന് 1.3 മില്യൺ ബാരൽ എണ്ണ ദിനംപ്രതി വിൽക്കുന്നുണ്ട്. എണ്ണ വില കുറയ്ക്കുന്നതിനായി ചൈനയും ദേശീയ സ്ട്രാറ്റജിക് സ്‌റ്റോക്കിൽനിന്ന് എണ്ണ വിൽക്കുന്നുണ്ട്. റഷ്യൻ എണ്ണ എത്തുന്നില്ലെങ്കിൽ യുഎസ്സും യൂറോപ്യൻ രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളുടെ സഹായം തേടും. റഷ്യൻ എണ്ണയുടെ അതേ ഗുണനിലവാരമുള്ള മറ്റു എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിടാൻ ചൈനയുടെയും ഇന്ത്യയുടെയും മേൽ സമ്മർദ്ദവും ചൊലുത്തും. എണ്ണ വില ഉയരാതിരിക്കാൻ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നാണ് ജി സെവൻ രാജ്യങ്ങൾ കരുതുന്നത്.
അതേസമയം, ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നിരിക്കുകയാണ്. അസംസ്കൃത എണ്ണവില ബാരലിന് 110 ഡോളർ വരെ ഉയർന്നു. കരുതൽ എണ്ണശേഖരം പുറത്തെടുക്കാനുള്ള അന്താരാഷ്ട്ര ഊർജ സമിതി തീരുമാനമൊന്നും പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമായിട്ടില്ല. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇന്ന് ചേരും. യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാൻ കാരണം. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ ഊർജ മേഖലയിലേക്ക് കൂടി ഉപരോധം ദീർഘിപ്പിക്കാനുളള നീക്കത്തിലാണ്. അങ്ങനെ വന്നാൽ എണ്ണവില ബാരലിന് 130 ഡോളർ വരെ ഉയർന്നേക്കുമെന്ന ആശങ്കയാണുള്ളത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില കുതിച്ചത്.
എണ്ണ, പ്രകൃതിവാതക കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവന്നതോടെ യൂറോപ്പിൽ ഊർജ കമ്മിയും വർധിച്ചിരിക്കുകയാണ്. വിലവർധന ചെറുക്കാനും കമ്മി നികത്താനും കരുതൽ ശേഖരത്തിൽ നിന്ന് 60 ദശലക്ഷം ബാരൽ എണ്ണ വിപണിയിലിറക്കാൻ അന്താരാഷ്ട്ര ഊർജ സമിതി തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്. എന്നാൽ അതുകൊണ്ടു മാത്രം വിപണിയിൽ വലിയ മാറ്റം കൊണ്ടുവരാനാകില്ല. ഉൽപാദനം ഗണ്യമായി ഉയർത്താൻ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്കു മേൽ സമ്മർദം ശക്തമാണ്. ഒപെക് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ, ഗൾഫ് ആഭ്യന്തര വിപണികളിലും എണ്ണ വില റിക്കാർഡ് കുറിച്ചു. ഇതാദ്യമായി ലിറ്ററിന് മൂന്ന് ദിർഹത്തിനു മുകളിലാണ് യു.എ.ഇയിൽ എണ്ണവിൽപന. മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും വിലവർധന വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Produces 11 million barrels per day; Will Russia get stuck if rich countries do not buy oil?
Adjust Story Font
16