Quantcast

ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം; ബന്ദികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യം

ഇസ്രായേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രതിനിധി സഭ പ്രമേയം പാസാക്കി

MediaOne Logo

Web Desk

  • Published:

    26 Oct 2023 7:31 PM GMT

Protest against Benjamin Netanyahu in Israel demanding the return of hostages held by Hamas, Protest against Benjamin Netanyahu in Israel, Israel-Palestine war 2023
X

തെല്‍അവീവ്/ദുബൈ: നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കനക്കുന്നു. ബന്ദികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം. അതിനിടെ, ഇസ്രായേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രതിനിധി സഭ പ്രമേയം പാസാക്കി.

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ പട്ടാളം ഫലസ്തീൻ പൗരൻമാരെ കൂട്ടത്തോടെ പിടികൂടി ജയിലിലിടക്കുകയാണ്. ഗസ്സയിൽ നടക്കുന്നത് യുദ്ധമല്ല വംശഹത്യയാണെന്ന് ബ്രസീൽ തുറന്നടിച്ചു. ഇക്കാര്യത്തിൽ പാശ്ചാത്യരാജ്യങ്ങളുടെ മൗനം നാണക്കേടാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പ്രതിരിച്ചു.

സംഘർഷം ഇരുപതാം ദിവസത്തേക്ക് കടക്കുമ്പോഴും ഹമാസ് ബന്ദികളാക്കിയ പൗരൻമാരെ മോചിപ്പിക്കാനാവാത്തത് ഇസ്രായേൽ സർക്കാറിന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെല്‍അവീവിലെ കബോത്സിൽ ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിപക്ഷ നേതാവ് യാഇയർ ലാപിഡും നെതന്യാഹവിനെതിരെ നിലപാട് കടുപ്പിച്ചു. സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ഇസ്രായേൽ സർക്കാറിന് വീഴ്ചപറ്റി എന്നാണ് ആരോപണം. 222 പൗരൻമാരാണ് ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ഉടൻ തിരികെയെത്തിക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.

ഹമാസിനെതിരെ നടപടി ശക്തമാക്കുകയാണെന്ന സൂചന നൽകാൻ വെസ്റ്റ് ബാങ്കിൽ ഡസൺ കണക്കിന് പേരെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ട അറസ്റ്റ് കൊണ്ട് തളർത്താനാവില്ലെന്നും ഇസ്രായേൽ സൈന്യം ഫലസ്തീനിൽ നിന്ന് പിൻവാങ്ങുന്നത് വരെ പോരാട്ടം തുടരുമെന്നും ഹമാസ് അറിയിച്ചു. അതേസമയം, ഇസ്രായേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി. പത്തിനെതിരെ 412 വോട്ടിനാണ് പ്രമേയം പാസായത്.

എന്നാൽ, ഗസ്സയിലേത് യുദ്ധമല്ല വംശഹത്യയാണെന്ന് തുറന്നടിച്ച് ബ്രസീൽ പ്രസിഡന്റ് ലൂല ഡാ സിൽവ രംഗത്തെത്തി. കൂട്ടക്കുരുതിയിൽ പാശ്ചാത്യരാജ്യങ്ങൾ തുടരുന്ന മൗനം മനുഷ്യത്വത്തിന് നാണക്കേടാണെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. ഗസ്സയിലേക്ക് സഹായമെത്തിക്കാൻ ലോകജനത ഒന്നിക്കണമെന്നും ഉർദുഗാൻ ആഹ്വാനം ചെയ്തു. വെടിനിർത്തൽ നയതന്ത്ര ആവശ്യമല്ലെന്നും സാധാരണക്കാരുടെ ജീവിതവും മരണവുമാണ് ഇത് അർത്ഥമാക്കുന്നതെന്നും ചൈനയുടെ യു.എൻ അംബാസഡർ ഷാങ് ജുൻ പറഞ്ഞു. വെടിനിർത്തലുണ്ടായില്ലെങ്കിൽ ചരിത്രം നമ്മെ മോശമായി വിലയിരുത്തുമെന്ന് യു.എൻ റിലീഫ് വിങ് കമീഷണറും പ്രതികരിച്ചു.

Summary: Protest against Benjamin Netanyahu in Israel demanding the return of hostages held by Hamas

TAGS :

Next Story