Quantcast

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: ഫ്രാന്‍സിനെ സ്തംഭിപ്പിച്ച് പ്രതിഷേധം

തുറമുഖങ്ങളിലും ഇന്ധനശാലകളിലും വിമാനത്താവളങ്ങളിലും ഉള്‍പ്പെടെ ഉപരോധം

MediaOne Logo

Web Desk

  • Published:

    24 March 2023 7:06 AM GMT

protest against pension bill in France
X

പാരീസ്: വിവാദമായ പെൻഷൻ നയത്തിൽ ഫ്രാൻസിൽ പ്രക്ഷോഭം കടുക്കുന്നു. പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിനെതിരെ രാജ്യത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ​ റാലികളിൽ ആയിരങ്ങളാണ് അണിനിരന്നത്.

ചിലയിടങ്ങളിൽ പ്രതിഷേധം അക്രമത്തിന് വഴിമാറി. തുറമുഖങ്ങൾ, ഇന്ധനശാലകൾ, മാലിന്യസംസ്കരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉപരോധമുണ്ടായി. ഇതോടെ ഗതാഗത സംവിധാനം താറുമാറായി. പാരിസിലെ ചാൻസ് ഡിഗല്ലെ വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനം സമരക്കാർ തടസ്സപ്പെടുത്തി. റോഡ് തടസ്സപ്പെടുത്തി മാലിന്യം കൂട്ടിയിട്ട് കത്തിച്ചു. ഇന്ധനശാലകളിലെ ഉപരോധം വരുംദിവസങ്ങളിൽ ഇന്ധനക്ഷാമത്തിന് കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച നടക്കാനിരിക്കുന്ന ചാൾസ് രാജാവിന്റെ സന്ദർശനത്തെയും പ്രതിഷേധം ബാധിക്കും.

പെൻഷൻ പ്രായം 62ൽ നിന്ന് 64 ആയി ഉയർത്താൻ പാർലമെന്റിൽ വോട്ടെടുപ്പ് നടത്താതെ കൊണ്ടുവന്ന നിയമം വർഷാവസാനത്തോടെ പ്രാബല്യത്തിലാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചതാണ് വൻ പ്രക്ഷോഭത്തിനിടയാക്കിയത്. സർക്കാർ പെൻഷൻ നിയമം പിൻവലിക്കണമെന്ന് ഫ്രാൻസിലെ ഏറ്റവും വലിയ യൂണിയനായ മോഡറേറ്റ് ഫ്രഞ്ച് ഡെമോക്രാറ്റിക് കോൺഫെഡറേഷൻ ഓഫ് ലേബർ തലവൻ ലോറന്റ് ബെർഗൻ ആവശ്യപ്പെട്ടു.

പ്രക്ഷോഭം കനക്കുമ്പോഴും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. സാമ്പത്തികമായി നിലനിൽക്കാൻ രാജ്യത്തെ വിരമിക്കൽ വ്യവസ്ഥ പരിഷ്കരിക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ് മാക്രോൺ. എന്നാൽ സമ്പന്നർക്കും വൻകിട കമ്പനികൾക്കും നികുതി വർധിപ്പിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Summary- Thousands of protesters marched against France President Emmanuel Macron's plan to raise the pension age.

TAGS :

Next Story