'നെതന്യാഹുവിനെ ഏകാധിപതിയായി വാഴാൻ വിടില്ല'; ഇസ്രായേലില്‍ തിളച്ചുമറിഞ്ഞു ജനകീയ പ്രക്ഷോഭം
ഒരു ലക്ഷത്തിലേറെ പേരാണ് ഇന്നലെ തെൽഅവീവിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തെൽഅവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ ജനകീയരോഷം കനക്കുന്നു. ജുഡീഷ്യൽ പരിഷ്‌ക്കരണം അടക്കമുള്ള നീക്കങ്ങൾക്കെതിരെ മാസങ്ങളായി ആരംഭിച്ച പ്രക്ഷോഭമാണ് രൂക്ഷമായിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരമായ തെൽഅവീവിൽ ലക്ഷത്തിലേറെ പേരാണ് ഇന്നലെ നടന്ന പ്രതിഷേധസംഗമത്തിൽ പങ്കെടുത്തതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുടർച്ചയായി 18-ാം ആഴ്ചയാണ് ഇസ്രായേലിൽ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. നെതന്യാഹുവിനെ ഏകാധിപതിയായി വാഴാൻ അനുവദിക്കില്ലെന്ന പ്ലക്കാർഡുകളും ജനങ്ങൾ ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിനു പുറമെ ഭരണകക്ഷിയിലും നെതന്യാഹുവിന്റെ പരിഷ്‌ക്കരണനീക്കങ്ങൾക്കെതിരെ മന്ത്രിമാരടക്കം രംഗത്തെത്തിയിരുന്നു.
തെൽഅവീവിനെ പിടിച്ചുകുലുക്കിയ പ്രക്ഷോഭമാണ് ഇന്നലെ നടന്നത്. 1,10,000 പേർ പ്രകടനത്തിൽ പങ്കെടുത്തെന്ന് ഇസ്രായേൽ മാധ്യമമായ 'ചാനൽ 12' റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ഇസ്രായേൽ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയിരുന്നു. ഇസ്രായേൽ പതാകകൾ ഉയർത്തിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
ഇസ്രായേലിലെ ജുഡിഷ്യൽ സംവിധാനം ഉടച്ചുവാർക്കുന്ന നിയമമാണ് നെതന്യാഹു പാർലമെന്റിൽ പാസാക്കാനൊരുങ്ങുന്നത്. ജഡ്ജിമാരുടെ നിയമനവും പുറത്താക്കലും അടക്കമുള്ള അധികാരം സർക്കാരിന് നൽകുന്നതടക്കമുള്ള ഒട്ടനവധി വിവാദ പരിഷ്‌ക്കാരങ്ങളാണ് നിയമത്തിലുള്ളത്. കോടതിവിധിയെ മറികടന്ന് മുന്നോട്ടുപോകാൻ സർക്കാരിന് അധികാരം നൽകുന്ന നിയമങ്ങളും ഇതിൽ ഉൾപ്പെടും.
പ്രതിഷേധം കൊടുമ്പിരികൊള്ളുന്നതിനിടെ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ഇടപെട്ട് വിവാദ ജുഡിഷ്യൽ പരിഷ്‌ക്കരണനീക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിനെതിരെ വിമർശനം ഉന്നയിച്ച പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ ഇടപെടൽ. ഇതോടെ പ്രതിപക്ഷവുമായി കൂടിയാലോചിച്ച് വിഷയങ്ങൾക്ക് പരിഹാരം കാണാനായി നിയമപരിഷ്‌ക്കരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Summary: Over 1 lakh Israelis join protests against PM Benjamin Netanyahu's planned judicial reforms
Adjust Story Font
16