Quantcast

ഉമർ ഖാലിദും ആൾക്കൂട്ടക്കൊലയും മണിപ്പൂരും ഗുസ്തിക്കാരുടെ സമരവും പ്ലക്കാർഡുകളിൽ; യു.എസിൽ നരേന്ദ്ര മോദിക്കെതിരെ വൻ പ്രതിഷേധം

2005 മുതൽ 2014 വരെ മോദിക്ക് എന്തുകൊണ്ട് അമേരിക്ക നിരോധനം ഏർപ്പെടുത്തിയെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-23 08:31:51.0

Published:

23 Jun 2023 8:30 AM GMT

Protests against PM Narendra Modis US visit, PM Narendra Modi, Narendra Modi US visit, Modi in US 2023
X

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം തുടരുന്നതിനിടെ യു.എസിൽ വൻ പ്രതിഷേധവും. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളും ദലിത്, മുസ്‌ലിം, ന്യൂനപക്ഷ വേട്ടയും ഉയർത്തിയാണ് നഗരങ്ങളിൽ പ്ലക്കാർഡുകളും ഡിജിറ്റൽ പോസ്റ്ററുകളുമായി പ്രചാരണം നടക്കുന്നത്. ട്രക്കുകളിൽ ഡിജിറ്റൽ സ്‌ക്രീൻ വച്ചാണ് പലയിടത്തും പ്രതിഷേധം തുടരുന്നത്. ന്യൂയോർക്കിലും വാഷിങ്ടണിലുമടക്കം പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്.

മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ടക്കൊലകളും വംശഹത്യയും മുതൽ മണിപ്പൂർ സംഘർഷവും ഗുസ്തി താരങ്ങളുടെ സമരവും ഉൾപ്പെടെ പ്ലക്കാർഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് മോദിയെ ചോദ്യംചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ഫാസിസത്തെ പുണരരുതെന്നും ബൈഡനെ അഭിസംബോധന ചെയ്ത് ആവശ്യപ്പെടുന്നുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ രാജ്യത്തിന്റെ ആശങ്ക രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 70ലേറെ യു.എസ് കോൺഗ്രസ്-സെനറ്റ് അംഗങ്ങൾ ബൈഡന് കത്തെഴുതിയിരുന്നു.

'ക്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ' എന്ന ഹാഷ്ടാഗോടെയുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ സ്ഥാപിച്ച വാഹനങ്ങളും നഗരത്തിൽ കറങ്ങുന്നുണ്ട്. മോദി ഭരണത്തിനു കീഴിൽ നടക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, ദലിത് വേട്ടയെക്കുറിച്ച് അറിയുമോയെന്ന് പ്ലക്കാര്‍ഡുകളില്‍ ബൈഡനോട് ചോദിക്കുന്നു. വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ ഒരു വിചാരണയും കൂടാതെ ആയിരത്തിലേറെ ദിവസം ജയിലിലടച്ചത് ചിലർ ചോദ്യംചെയ്യുന്നു. 2005 മുതൽ 2014 വരെ മോദിക്ക് എന്തുകൊണ്ട് അമേരിക്ക നിരോധനം ഏർപ്പെടുത്തിയെന്ന് ഒരു പ്ലക്കാർഡിൽ ചോദിക്കുന്നു.

മണിപ്പൂരിലെ സംഘർഷവും ക്രിസ്ത്യൻ വേട്ടയും പ്രതിഷേധക്കാർ ചർച്ചയാക്കിയിട്ടുണ്ട്. മണിപ്പൂരിൽ വംശഹത്യയാണ് നടക്കുന്നതെന്ന് ഒരു പ്ലക്കാർഡിൽ പറയുന്നു. ഗുസ്തിസമരക്കാരെ തെരുവിൽ വലിച്ചിഴച്ചതും പ്രതിഷേധത്തിൽ പ്രധാന വിഷയമായിട്ടുണ്ട്. 'മോദി ഫാസിസ്റ്റ്' എന്ന് എഴുതിയ ടിഷർട്ടുകൾ ധരിച്ചും ജനങ്ങൾ തെരുവിലിറങ്ങിയിട്ടുണ്ട്.

വിഷയം നരേന്ദ്ര മോദിയാണ്, ഇന്ത്യയല്ലെന്ന് പ്രതിഷേധത്തിലെ മുഖ്യസംഘാടകരിലൊരാൾ 'ദി ക്വിന്റി'നോട് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയല്ല പ്രതിഷേധമെന്ന് സമരക്കാർ പറയുന്നു. ഇന്ത്യയുമായി സഹകരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ, മോദിയുടെ ചരിത്രവും പ്രവർത്തനങ്ങളുമാണ് പ്രശ്‌നമെന്നും ഇവർ പറഞ്ഞു. യു.എസിലെ വിവിധ മുസ്‌ലിം സംഘടനകളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

ത്രിദിന സന്ദർശനത്തിനായി ജൂൺ 21നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിലെത്തിയത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായി സംഘടിപ്പിച്ച വിരുന്നിലും പങ്കെടുത്തു. പ്രതിരോധം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെലകോം, ബഹിരാകാശ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. അഹ്മദാബാദിലും ബംഗളൂരുവിലും പുതിയ യു.എസ് കോൺസുലേറ്റുകൾ തുറക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്നലെ വൈറ്റ് ഹൗസിൽ ബൈഡനൊപ്പം മാധ്യമങ്ങളെ കണ്ടു. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി മാധ്യമങ്ങൾക്കുമുന്നിലെത്തുന്നത്. ഇന്ന് യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും.

Summary: Countrywide protests against PM Narendra Modi's US visit

TAGS :

Next Story