'പാശ്ചാത്യരാജ്യങ്ങൾ നുണയുടെ സാമ്രാജ്യം'; കടുത്ത ഉപരോധങ്ങളിൽ അമർഷവുമായി പുടിൻ
അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്
യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ച പടിഞ്ഞാറൻ രാജ്യങ്ങളെ വിമര്‍ശിച്ച് വ്ലാദിമിര്‍ പുടിന്‍. പടിഞ്ഞാറൻ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമാണെന്നാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ പരാമര്‍ശം. നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാന്‍ പുടിനും റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനും വിളിച്ചു ചേർത്ത യോഗത്തിലാണ് അമര്‍ഷം രേഖപ്പെടുത്തിയത്.
യുക്രൈന് ആയുധ സഹായം നൽകാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെയും റഷ്യൻ സർക്കാർ വിമർശിച്ചു. റഷ്യയോടുള്ള വിദ്വേഷം മുഴുവൻ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ്.
അതേസമയം, അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് അമേരിക്ക അറിയിച്ചു. ആഗോള തലത്തിൽ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യു.എസ് ഉപരോധം കൂടുതൽ ശക്തമാക്കി. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുമെന്നും അമേരിക്ക അറിയിച്ചു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ 12 യു.എൻ പ്രതിനിധികളെ അമേരിക്ക പുറത്താക്കുകയും ചെയ്തു. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് നിർദേശം. യു.എസ് തീരുമാനം നീതികരിക്കാനാകാത്തതാണെന്നാണ് റഷ്യയുടെ പ്രതികരണം.
Adjust Story Font
16