യുദ്ധത്തിൽ സഹായം നൽകി; ഉത്തരകൊറിയൻ മൃഗശാലക്ക് സിംഹത്തെയും കരടികളെയും സമ്മാനിച്ച് പുടിൻ
70ലധികം മൃഗങ്ങളെയാണ് പ്യോങ്യാങ്ങിലെ മൃഗശാലയ്ക്ക് പുടിൻ സമ്മാനിച്ചത്
പ്യോങ്യാങ്: യുക്രൈനെതിരായ യുദ്ധത്തിന് സഹായം നൽകിയതിന് ഉത്തരകൊറിയൻ മൃഗശാലക്ക് സിംഹത്തെയും കരടികളെയും സമ്മാനിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. ഒരു സിംഹവും രണ്ട് തവിട്ട് കരടികളും ഉൾപ്പെടെ 70ലധികം മൃഗങ്ങളെയാണ് പ്യോങ്യാങ്ങിലെ മൃഗശാലയ്ക്ക് പുടിൻ നൽകിയത്.
റഷ്യയിലെ പ്രകൃതിവിഭവ പരിസ്ഥിതി മന്ത്രി അലക്‌സാണ്ടർ കോസ്‌ലോവ് മോസ്കോ മൃഗശാലയിൽ നിന്നുള്ള മൃഗഡോക്ടർമാരുടെ അകമ്പടിയോടെ ഒരു കാർഗോ വിമാനത്തിൽ ഉത്തരകൊറിയൻ തലസ്ഥാനത്തേക്ക് മൃഗങ്ങളെ കൊണ്ടുവന്നതായി കോസ്ലോവിന്റെ ഓഫീസ് അധികൃതർ അറിയിച്ചു. 'രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ മൃഗങ്ങൾ എപ്പോഴും ഒരു പ്രത്യേക പങ്ക് വഹിക്കാറുണ്ട്. പിന്തുണയുടെയും ദയയുടെയും കരുതലിൻ്റെയും അടയാളമായാണ് മൃഗങ്ങളെ നൽകിയിരിക്കുന്നത്' എന്ന് അദ്ദേഹം പറഞ്ഞു.
മോസ്കോയിൽ നിന്നുള്ള മൃഗങ്ങളുടെ കയറ്റുമതിയിൽ രണ്ട് യാക്കുകൾ, അഞ്ച് തത്തകൾ,ഡസൻ കണക്കിന് ഫെസന്‍റുകൾ എന്നിവയും മണ്ഡാരിൻ താറാവുകളും ഉൾപ്പെടുന്നുവെന്ന് കോസ്ലോവിന്റെ ഓഫിസ് അറിയിച്ചു. അദ്ദേഹം ഉത്തരകൊറിയ പ്രസിഡന്റ് കിം ജോങിനെ സന്ദർശിക്കുകയും ചെയ്തു.
റഷ്യ യുക്രൈൻ യുദ്ധസമയത്ത് റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. റഷ്യൻ സേനയെ ശക്തിപ്പെടുത്താൻ ഉത്തര കൊറിയ 10,000 സൈനികരെയാണ് അയച്ചിരുന്നത്. ഈ ജൂണിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും അതനുസരിച്ച് ഏതെങ്കിലും ഒരു രാജ്യത്തിനുമേൽ ആക്രമണമുണ്ടായാൽ രാജ്യങ്ങൾ പരസ്പരം സഹായിക്കണമെന്ന വ്യവസ്ഥയ അംഗീകരിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16