ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുമേലുള്ള ഇസ്രയേലിന്റെ കടന്നുകയറ്റമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഖത്തര്‍
ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തിന് ഉത്തരവാദി ഇസ്രയേലെന്ന് ഖത്തർ. സമാധാനം പുനസ്ഥാപിക്കാന്‍ ഇരുപക്ഷവും സംയമനം പാലിക്കണം. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുമേലുള്ള ഇസ്രയേലിന്റെ നിരന്തരമായ കടന്നുകയറ്റമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേല്‍ സൈന്യത്തിന്റെ ഒത്താശയോടെ അല്‍അഖ്സ പള്ളിയില്‍ നടന്ന റെയ്ഡുകളാണ് പ്രകോപനമുണ്ടാക്കിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന അന്യായ യുദ്ധത്തിന്റെ തീ ആളിക്കത്തിക്കാന്‍ പുതിയ സംഭവങ്ങള്‍ മറയാക്കുന്നതിനും തടയിടണം. സമാധാനം പുനസ്ഥാപിക്കാന്‍ ഇരു വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട ഖത്തര്‍ 1967 ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണമെന്ന നിലപാടും ആവര്‍ത്തിച്ചു.
Adjust Story Font
16