Quantcast

ഗസ്സ സമാധാനപ്പുലരിയിലേക്ക്? വെടിനിർത്തൽ കരാർ ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് ഖത്തർ

ഓരോ ഇസ്രായേലി വനിതാ ബന്ദിക്കും പകരം 50ഉം മറ്റ് പൗരന്മാർക്ക് പകരം 30ഉം ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിക്കും

MediaOne Logo

Web Desk

  • Published:

    14 Jan 2025 11:59 AM GMT

Qatar says Gaza ceasefire deal closer than any time in the past, Gaza ceasefire,  Gaza war, Gaza attack, Israel, Israel-Hamas war
X

ദോഹ: ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതി സ്ഥിരീകരിച്ച് ഖത്തർ. വെടിനിർത്തൽ കരാർ സംബന്ധിച്ചുള്ള നിരവധി അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.

ദോഹയിൽ നടക്കുന്ന വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ച അവസാനഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും വരെ അമിതപ്രതീക്ഷകൾ പങ്കുവയ്‌ക്കേണ്ടതില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട കരാർ അന്തിമ ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശക്തി പകരുന്നതാണ് ചർച്ചയ്ക്ക് നേതൃത്വം വഹിക്കുന്ന ഖത്തറിന്റെ പ്രതികരണം. വെടിനിർത്തൽ കരാർ തയാറാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രായേലിനും ഹമാസിനും കൈമാറിയത്. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ പശ്ചിമേഷ്യൻ കോ-ഓർഡിനേറ്റർ ബ്രെറ്റ് മക്ഗർക് എന്നിവരും ദോഹയിലുണ്ട്.

മൂന്ന് ഘട്ടങ്ങളായാണ് വെടിനിർത്തൽ കരാർ നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. ഓരോ ഇസ്രായേലി വനിതാ ബന്ദിക്കും പകരം 50ഉം മറ്റ് പൗരന്മാർക്ക് പകരം 30ഉം ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. ഗസ്സ-ഈജിപ്ത് അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറുന്നതിലും തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്.

രണ്ടാം ഘട്ടം വെടിനിർത്തൽ 16 ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയും ഗസ്സയിലുള്ള ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. കരാറിന്റെ മൂന്നാം ഘട്ടത്തിൽ ഗസ്സയിൽ ബദൽ സർക്കാർ സ്ഥാപിക്കുന്നതിനും മുനമ്പിലെ പുനർനിർമാണ പദ്ധതികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ചർച്ചകൾ ആരംഭിക്കും. കൂടാതെ വടക്കൻ ഗസ്സയിലേക്ക് പത്ത് ലക്ഷം ഫലസ്തീനികളെ തിരികെ പോകാൻ അനുവദിക്കുമെന്നും കരാറിലുണ്ട്.

Summary: Qatar says Gaza ceasefire deal closer than any time in the past

TAGS :

Next Story