ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്
Qatar World Cup mobile homes
ഖത്തർ ലോകകപ്പിനോടുനായി നിർമിച്ച 10,000 മൊബൈൽ വീടുകൾ ഇനി ഭൂകമ്പ ബാധിതർക്ക് തണലേകും. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്കും സിറിയയിലേക്കും വീടുകൾ കയറ്റിയയച്ചു. ലൈവ് സ്‌കോറടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്. അതിജീവിതരിൽ പലർക്കും തണുപ്പുകാലത്ത് വീടില്ലാതായിരിക്കുകയാണ്. ഭൂകമ്പത്തിൽ തുർക്കിയിൽ 25 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ജെപി മോർഗൻ പറഞ്ഞിരുന്നു.
ഭൂകമ്പത്തിന്റെ ഭീകരത തുർക്കിയിലേയും സിറിയയിലേയും കുടുംബങ്ങളെ മാനസികമായും ഏറെ ബാധിച്ചിട്ടുണ്ട്. അതിന്റെ ഭീകരത കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ അലട്ടുന്നുമുണ്ട്. 22 ലക്ഷത്തിലധികം ആളുകളാണ് ദുരന്തഭൂമിയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് പോയത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞു.
രണ്ടു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ തുർക്കി വിറക്കുകയായിരുന്നു. ഫെബ്രുവരി ആറിനാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഭൂകമ്പം തകർത്തുകളഞ്ഞത്. തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.
അതിനിടെ, ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പെൺകുട്ടിയെ 248 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. കഹ്റമൻമാരസിലാണ് 17 വയസ്സുള്ള പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അനഡോലു വാർത്താഏജൻസി പടമടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അവിശിഷ്ടങ്ങൾക്കിടയിൽ കിടന്ന 74കാരിയെ 227 മണിക്കൂറിന് ശേഷം ജീവനോടെ പുറത്തെടുത്തു.
അതേസമയം, തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ 42,000 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് 36,187 പേർ കൊല്ലപ്പെട്ടതായാണ് തുർക്കി അധികൃതർ പറയുന്നത്. സിറിയയിൽ 5,800 പേർ കൊല്ലപ്പെട്ടതായി സിറിയൻ ഗവൺമെൻറും യു.എന്നും വ്യക്തമാക്കി.
Qatar World Cup 10,000 mobile homes will now shelter earthquake victims in Turkey and Syria.
Adjust Story Font
16