Quantcast

ഗസ്സയിലെ വെടിനിര്‍ത്തല്‍; ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു

പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്​തീനികൾ മാത്രമായിരിക്കുമെന്നും​ ഹമാസ്​ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    12 Sep 2024 2:00 AM GMT

gaza ceasefire
X

തെല്‍ അവിവ്: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു. പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്​തീനികൾ മാത്രമായിരിക്കുമെന്നും​ ഹമാസ്​ അറിയിച്ചു.

ഖത്തർ തലസ്ഥാനമായ ദോഹയിലാണ്​ ഹമാസുമായി മധ്യസ്​ഥ രാജ്യങ്ങളുടെ നേതാക്കൾ ദീർഘനേരം ചർച്ച നടത്തിയത്​. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനി, ഈജിപ്ത്​ ഇന്‍റലിജൻസ്​ മേധാവി അബ്ബാസ്​ കെമൽ എന്നിവരാണ്​ ഹമാസ്​ നേതാവ്​ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തിയത്​. നെതന്യാഹുവിന്‍റെ കടുംപിടിത്തം കാരണം വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ നിർദേശ പ്രകാരമാണ്​ അനൗപചാരിക ചർച്ചയെന്നാണ്​ സൂചന. എന്നാൽ ചർച്ചയുടെ ഉള്ളടക്കം പുറത്തുവിടാൻ ഇരുവിഭാഗവും തയാറായില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം സ്വാഗതം ചെയ്ത ഹമാസ്​ ബൈഡന്‍റെയും യു.എൻ രക്ഷാസമിതിയുടെയും നിർദേശം മുൻനിർത്തിയുള്ള വെടിനിർത്തൽ കരാറിന്​ സന്നദ്ധമാണെന്ന്​ വ്യക്​തമാക്കി. ആക്രമണം നിർത്തി സൈന്യം ഗസ്സ വിടണമെന്ന നിലപാടും ഹമാസ്​ ആവർത്തിച്ചു.

യുദ്ധാനന്തര ഗസ്സയുടെ നിയന്ത്രണം അറബ്​ സമാധാന സേനക്ക്​ കൈമാറണമെന്ന ഇസ്രായേൽ നിർദേശം ഹമാസ്​ തള്ളി. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത്​ ഫലസ്​തീനികൾ മാത്രമായിരിക്കണമെന്നും ഹമാസ്​ നിർദേശിച്ചു. അതിനിടെ, ഗസ്സയിലെ നുസൈറാത്ത്​ ക്യാമ്പിൽ വീണ്ടും ആക്രമണം നടത്തിയ ഇസ്രായേൽ സേന 14 പേരെ കൊലപ്പെടുത്തി. ഭക്ഷണത്തിന്​ കാത്തുനിന്നവർക്കു നേരെയും ആക്രമണം നടന്നു. നാല്​ കൂട്ടക്കുരുതികളിലായി 34പേരാണ്​ ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​. ദക്ഷിണ ലബനാനിൽ നിന്ന്​ ഹിസ്​ബുല്ല അയച്ച ഡ്രോണുകൾ പതിച്ച്​ ഇസ്രായേൽ അതിർത്തി കേ​ന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി.അമേരിക്കൻ പ്രസിഡന്‍റ്​ തെരഞെടുപ്പ്​ കാമ്പയിനിലും ഗസ്സ പ്രധാന വിഷയമാണ്​. കമല ഹാരിസ്​ വിജയിച്ചാൽ രണ്ടുവർഷം കൊണ്ട്​ ഇസ്രായേൽ ഇല്ലാതാകുമെന്നാണ്​ കഴിഞ്ഞ ദിവസം ഡൊണാൾഡ്​ ​ ട്രംപ്​ കുറ്റപ്പെടുത്തിയത്.

TAGS :

Next Story